കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ ലഹരിമരുന്നുകേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെ മുൻകൂർജാമ്യം തേടി ബന്ധുവായ കാലടി സ്വദേശിനി ലിവിയാ ജോസ് ഹൈക്കോടതിയിൽ. ഷീലയുടെ മരുമകളുടെ സഹോദരി ലിവിയയാണ് കോടതിയിൽ ഹർജി നൽകിയത്.

ഫെബ്രുവരി 27-ന് വൈകീട്ട് ഷീലയുടെ സ്‌കൂട്ടറിൽനിന്ന് എക്സൈസ് സംഘം 12 എൽ.എസ്.ഡി. സ്റ്റാമ്പുകൾ എന്ന പേരിൽ പിടികൂടിയിരുന്നു. എന്നാൽ കാക്കനാട്ടുള്ള റീജണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൽനിന്ന് മെയ്‌ 12-നു ലഭിച്ച റിപ്പോർട്ടിൽ പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് തെളിഞ്ഞു. തുടർന്ന് ഷീല സണ്ണി നൽകിയ ഹർജിയിൽ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി.

ലഹരിമരുന്നു പിടികൂടുന്നതിന് തലേ ദിവസം മരുമകളും സഹോദരിയും തന്റെ സ്‌കൂട്ടർ ഉപയോഗിച്ചിരുന്നെന്നും ഷീല വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ലഹരിമരുന്നു കേസ് കെട്ടിച്ചമച്ചവർക്കെതിരേ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഹർജിക്കാരിക്കെതിരേ ജയിൽ മോചിതയായ ഷീലയും ആരോപണം ഉന്നയിച്ചിരുന്നു. തുടർന്നാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിൽ പഠിക്കുന്ന ലിവിയയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

കേസിൽ എക്സൈസ് സംഘം തന്റെ പിതാവിനെയും സഹോദരിയെയു ചോദ്യം ചെയ്തെന്നും അവരെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും ഹർജിക്കാരി ആരോപിക്കുന്നു. സംഭവവുമായി തനിക്കൊരു ബന്ധവുമില്ലെന്നും ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തി അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും ഹർജിക്കാരി പറയുന്നു.