കണ്ണൂർ: അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദനോടുള്ള ആദര സൂചകമായി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകുന്നേരം ആറു മണി വരെ മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നിങ്ങനെ അഞ്ചുപഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ ആചരിക്കുമെന്ന് ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ് പി ജി സന്തോഷ് അറിയിച്ചു.

വാഹനങ്ങൾ പാൽ, പത്രം, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുതിർന്ന ആർഎസ്എസ് പ്രചാരകും ബിജെപി മുൻ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായി പി.പി. മുകുന്ദന്റെ മൃതദേഹം ബുധനാഴ്‌ച്ച അർദ്ധ രാത്രിയോടെ ബിജെപി ജില്ലാ ആസ്ഥാനത്തെത്തിക്കും. ബുധനാഴ്‌ച്ച ഉച്ചയോടെ ഏറണാകുളത്ത് ആർഎസ്എസ് പ്രാന്തകാര്യാലയത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനം വൈകുന്നേരംനാലുമണിയോടെ കണ്ണൂരിലെക്ക് യാത്ര തിരിച്ചു.

തുടർന്ന് വഴിമധ്യേ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ബിജെപി ജില്ലാ ആസ്ഥാനങ്ങളിൽ പൊതു ദർശനത്തിന് വെച്ചു. ബുധനാഴ്‌ച്ച രാത്രിയോടെ ബിജെപി കണ്ണൂർ ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിലെക്കും. വ്യാഴാഴ്‌ച്ച രാവിലെ രാവിലെ ഏഴുമണി മുതൽ ഒൻപതു മണിവരെ മാരാർജി ഭവനിൽ പൊതു ദർശനത്തിന് വെയ്ക്കുന്ന ഭൗതിക ദേഹം തുടർന്ന് ജന്മനാടായ മണത്തണയിലെ വീട്ടിലെത്തിക്കും. ഉച്ചയോടെ കുളങ്ങരയത്ത് തറവാട് ശ്മശാനത്തിൽ സംസ്‌ക്കരിക്കും.

സ്‌നേഹത്തിന്റെ നിറകുടമാണ് പി.പി. മുകുന്ദന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. എന്തു കാര്യവും നേരിട്ട് സംസാരിക്കാൻ പറ്റുന്ന ഒരു നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അവസാന കാലത്തും സംഘടനാ കാര്യങ്ങൾ എപ്പോഴും ചോദിക്കും. കേവലം രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം കുടുംബ കാര്യങ്ങളെ കുറിച്ചും അദ്ദേഹം ചോദിക്കും. ഓരോ കുടുംബത്തിലെയും അംഗങ്ങളെ കുറിച്ച് അദ്ദേഹം പേരെടുത്ത് ചോദിക്കുമായിരുന്നു. ഇത്തരം കാര്യങ്ങളെകുറിച്ച് അന്വേഷിക്കുന്ന അപൂർവ്വത്തിൽ അപൂർവ്വമായ നേതാവായിരുന്നു മുകുന്ദേട്ടൻ. കേരളത്തിലുടനീളം ഇത്തരത്തിൽ അദ്ദഹം ഹൃദ്യമായ ബന്ധം സൂക്ഷിച്ചിരുന്നു.

അദ്ദേഹം ഒരു വീട്ടിൽ താമസിച്ചാൽ ആ കുടുംബം മകുന്ദേട്ടനുമായുള്ള വ്യക്തി ബന്ധത്തിയിൽ സംഘ കുടുംബമായി മാറും. അത്രയും ഹൃദയ വിശാലതയുള്ള നേതാവായിരുന്നു അദ്ദേഹം. സംഘടനയെ ഒരു കാലഘട്ടത്തിൽ മുന്നോട്ട് നയിച്ച നേതാവാണ് അദ്ദേഹം. നമുക്ക് ഇന്ന് കാണുന്ന ശക്തിയും ആത്മവിശ്വാസവും ലഭിച്ചത് മുകുന്ദേട്ടന്റെ പ്രവർത്തനത്തിൽ കൂടിയാണ്. എന്ത് പറയാനുണ്ടെങ്കിലും അത് ജനാധിപത്യപരമായി ആരുടെയും മുഖത്ത് നോക്കി അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞിരുന്നൂ. എന്തെങ്കിലും സംഭവിക്കുമെന്ന് കരുതി പറയാനുള്ളത് അദ്ദേഹം പറയാതിരുന്നിട്ടില്ല. അദ്ദേഹം പറയാനുള്ളത് എപ്പോഴും കൃത്യമായി പറഞ്ഞിരുന്നു. അത്തരത്തിൽ സവിശേഷമായ കഴിവുള്ള നേതാവായിരുന്നു മുകുന്ദേട്ടനെന്നും ഹരിദാസ് പറഞ്ഞു.