കണ്ണൂർ: പയ്യന്നൂർ ഗാന്ധി പാർക്കിലെ രാഷ്ട്രപിതാവിന്റെ പ്രതിമയോട് അനാദരവ് കാണിച്ച സംഭവത്തിൽ കേസെടുത്ത് കുറ്റക്കാരെ കണ്ടെത്താൻ പൊലിസ് അനാസ്ഥ കാണിക്കുന്നുവെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കുന്നു. പരാതി നൽകിയിട്ടും പ്രശ്നത്തെ നിസാരവൽക്കരിക്കുകയാണ് പൊലീസെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

പതിവുഗാന്ധി ശിൽപങ്ങളിൽ കാണുന്ന വടിയില്ലാതെ പയ്യന്നൂരിൽ ഗാന്ധിജി എത്തുമ്പോഴുള്ള പ്രായത്തിലുള്ള ശിൽപമാണ് ഗാന്ധി പാർക്കിൽ സ്ഥാപിച്ചിരുന്നത്. ഈ ശിൽപത്തിന്റെ കൈയിലാണ് വടി തിരുകിക്കയറ്റി സാമൂഹിക വിരുദ്ധർ അനാദരവ് കാണിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് ശിൽപത്തിൽ നിന്നും വടി നീക്കം ചെയ്തുവെങ്കിലും പരാതിയില്ലാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇതു മനസിലാക്കിയാണ് പയ്യന്നൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ് പയ്യന്നൂർ ഡി.വൈ. എസ്. പിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്.

എന്നാൽ പരാതി ലഭിച്ചിട്ടും ഇക്കാര്യത്തിൽ പൊലീസ് ചെറുവിരൽ അനക്കുന്നില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. പയ്യന്നൂർ ഗാന്ധി പാർക്കിൽ സ്ഥാപിച്ചിരുന്ന രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ശിൽപത്തോട് അനാദരവ് കാണിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തി അറസ്റ്റു ചെയ്യണമെന്ന് പയ്യന്നൂർ ബ്ളോക്ക് കോൺഗ്രസ്‌കമ്മിറ്റി പ്രസിഡന്റ് കെ.ജയരാജൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതി പയ്യന്നൂർഡി.വൈ. എസ്‌പിക്ക് നൽകിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റു ചെയ്തില്ലെങ്കിൽ പ്രക്ഷോഭ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിനുസമാനമായ രീതിയിൽ ഗാന്ധിമന്ദിരത്തിലെ മഹാത്മ ഗാന്ധിയുടെ സ്തൂപത്തിന്റെ തലയറുത്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യാത്തതും ശക്തമായ വകുപ്പുകൾ ചുമത്താത്തതും ഇത്തരം ഹീന പ്രവൃത്തികൾക്ക് പ്രോത്സാഹനം നൽകുന്നതാണെന്ന് ജയരാജൻ ആരോപിച്ചു. നഗരസഭയുടെ അധീനതയിലുള്ള ഗാന്ധി പാർക്ക് സാമൂഹ്യവിരുദ്ധർ താവളമാക്കിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ നഗരസഭ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.