എടക്കര: ബൈക്കിലെത്തിയ വിദ്യാർത്ഥിക്കു നേരെ പാഞ്ഞെടുത്ത് കാട്ടാന. നടുറോഡിൽ നിലയുറപ്പിച്ച കാട്ടാനയെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് വീണു പരിക്കേറ്റു. പാലാട്ടെ കദളിവനം മുഹമ്മദ് യാസിമാണ് കാട്ടാനയ്ക്ക് മുന്നിൽപെട്ടത്. മുണ്ടയിൽനിന്ന് പാലാട്ടേക്കു പോകുന്ന റോഡിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു സംഭവം. വെളിച്ചത്തിൽ ദൂരെ നിന്നുതന്നെ ആനയെ കണ്ടതോടെ ബൈക്ക് നിർത്തുകയായിരുന്നു.

യാസിമിനെ കണ്ട് ആന അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. യാസിം ഓടി ഇരുട്ടിൽ മറഞ്ഞ് കാണാതായതോടെ ആന പിന്തിരിഞ്ഞു. എന്നാൽ, പിന്നെയും 20 മിനിറ്റോളം കഴിഞ്ഞാണ് ആന റോഡിൽനിന്നു പോയത്. വീഴ്ചയിൽ യാസിമിന്റെ കാലിനാണു പരുക്കേറ്റത്.

ഇതിനടുത്ത് കരിമ്പുഴ യൂനസിന്റെ അഞ്ഞൂറിലധികം വരുന്ന വാഴത്തൈകൾ ആന നശിപ്പിച്ചു. പാട്ടത്തിന് കൃഷി ചെയ്തതായയിരുന്നു. വാണിയംപറമ്പത്ത് റിയാസിന്റെ വീട്ടുമുറ്റത്തെ തെങ്ങും നശിപ്പിച്ചു. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനത്തിൽനിന്ന് പുറത്തുകടക്കുന്ന ആനകൾ പുന്നപ്പുഴ ഇറങ്ങിയാണ് പാലാട്ടെ ജനവാസ കേന്ദ്രത്തിലെത്തുന്നത്.