ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ കീഴ്‌ച്ചേരിമേൽ ചരിവു പുരയിടത്തിൽ കനകൻ (49), മുളവൂർ വില്ലേജിൽ പേഴക്കാപ്പിള്ളി തട്ടുപറമ്പ് പുത്തൻവീട്ടിൽ കുട്ടപ്പൻ (64) എന്നിവരാണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. കുട്ടപ്പൻ നിർമ്മിക്കുന്ന മുക്കുപണ്ടങ്ങൾ കനകൻ വിവിധ ബാങ്കുകളിൽ പണയം വച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

ചെങ്ങന്നൂരിലെ ദേശസാൽകൃത ബാങ്കിൽ നിന്നു 18 ലക്ഷം രൂപയോളം തട്ടിയെടുത്തതിന് ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2021 മുതൽ പല ദിവസങ്ങളിലായി കനകൻ ബാങ്കിലെത്തി മുക്കുപണ്ടം പണയം വയ്ക്കുകയായിരുന്നു സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ചെങ്ങന്നൂർ എസ്എച്ച്ഒ എ.സി. വിപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ വി എസ്ശ്രീജിത്ത്, ടി .എൻ. ശ്രീകുമാർ, സിപിഒമാരായ രതീഷ്, ജിജോ സാം, സനിൽകുമാർ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വിവരം അന്വേഷിച്ചു വരികയാണ്.