തിരുവനന്തപുരം: അരക്കോടിയോളം പേർക്കു നൽകുന്ന ക്ഷേമ പെൻഷൻ വായ്പയിലും വിതരണത്തിലും ക്രമക്കേട്. പെൻഷന്റെ വിതരണം, ഗുണഭോക്താക്കളെ നിശ്ചയിക്കൽ, ഫണ്ട് കൈകാര്യം ചെയ്യൽ എന്നിവയിൽ ഗുരുതര ക്രമക്കേടെന്നും സിഎജി റിപ്പോർട്ടിലുണ്ട്. 2018-19 മുതൽ 2020-21 വരെ പെൻഷൻ വിതരണത്തിനായി കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി വിവിധ സ്ഥാപനങ്ങളിൽ നിന്ന് 22,266 കോടി രൂപ വായ്പ എടുത്തു.

ഇതിൽ 19,472 കോടി രൂപയും ആവശ്യത്തിലധികമായി എടുത്ത വായ്പയാണ്. സമാഹരിച്ച വായ്പയിൽ 4,478 കോടി രൂപ കുറച്ചാണു വിതരണം ചെയ്തത്. അനാവശ്യമായി എടുത്ത വായ്പയുടെ പേരിൽ 1,596 കോടി രൂപ കമ്പനിക്ക് ചെലവായി. സാമ്പത്തികമായി വിവേചന ബുദ്ധിയോടെയല്ല കമ്പനി പെരുമാറിയത്. പെൻഷൻ കമ്പനിയുടെ ഒരു വായ്പയും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയില്ല. ക്ഷേമ പെൻഷനുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ അശ്രദ്ധ കാട്ടിയെന്നും റിപ്പോർട്ടിലുണ്ട്.