കൊച്ചി: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിപ്രകാരം 81 കോടി രൂപ ഉടൻ അനുവദിക്കും. പ്രഥമാധ്യാപകർക്കുള്ള കുടിശിക 14 ദിവസത്തിനകം പൂർണമായും നൽകുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പകുതിത്തുകയായ 81.57 കോടി രൂപ ഉടൻ നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്കു കൈമാറിയതായാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.

സർക്കാർ വിഹിതമായി നൽകാനുള്ളത് 163.15 കോടി രൂപയാണ്. 50% ഉടൻ നൽകുമെന്നു സർക്കാർ അറിയിച്ചപ്പോൾ ബാക്കി എന്നു നൽകുമെന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് 14 ദിവസത്തിനകം ബാക്കി നൽകാമെന്നു സർക്കാർ വ്യക്തമാക്കിയത്. ജസ്റ്റിസ് ടി.ആർ.രവി ഇക്കാര്യം രേഖപ്പെടുത്തി, ഹർജി 30ലേക്കു മാറ്റി.

ചെലവിൽ 60% കേന്ദ്രസർക്കാരും 40% സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. കേന്ദ്ര വിഹിതം ലഭിക്കാത്തതാണു തടസ്സമായതെന്നും ഇതു ലഭിക്കാനുള്ള നടപടികൾ ഏറക്കുറെ പൂർത്തിയായെന്നും സർക്കാർ വിശദീകരിച്ചു. അതേസമയം ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് ശാസ്ത്രീയമായി കണക്കാക്കണമെന്നും മാസാരംഭത്തിലെങ്കിലും ഈ തുക പ്രഥമാധ്യാപകർക്കു നൽകണമെന്നും ഇല്ലെങ്കിൽ ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്നു മാറ്റണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്സ് അസോസിയേഷൻ എന്നിവ ഉൾപ്പെടെ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.