- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറി ക്ഷേമനിധിയിൽ അനർഹരെ ചേർത്ത് വൻ തട്ടിപ്പ്; ഇടനിലക്കാർ കൈക്കലാക്കുന്നത് ലക്ഷങ്ങൾ
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ഉന്നമനത്തിനു സർക്കാർ നടപ്പാക്കിയ ക്ഷേമനിധിയിൽ അനർഹരെ അംഗങ്ങളാക്കി ഇടനിലക്കാർ ലക്ഷങ്ങൾ തട്ടുന്നതായി റിപ്പോർട്ട്. ലോട്ടറി വിൽപ്പനക്കാരല്ലാത്ത ആയിരക്കണക്കിനാളുകളെ ഇടനിലക്കാർ അനധികൃതമായി ക്ഷേമനിധിയിൽ ചേർത്ത് ഇവർക്ക് കിട്ടുന്ന ബോണസിൽ നിന്നും ആനുകൂല്യങ്ങളിൽ നിന്നും കനത്ത തുക തട്ടുന്നതായാണ് വിവരം.
ഓണം ബോണസായി ഒരംഗത്തിന് 6,000 രൂപ കിട്ടും. ഓരോ അംഗത്തിൽനിന്നും 2,000 രൂപ ഇടനിലക്കാരൻ ഈടാക്കും. നൂറുപേരെ ചേർത്തയാൾക്കു രണ്ടുലക്ഷം രൂപ ഇങ്ങനെ കിട്ടും. അംഗങ്ങൾക്കു ക്ഷേമനിധി ആനുകൂല്യം നൽകാൻ സർക്കാർ വൻതുകയാണു മുടക്കുന്നത്. അനർഹർക്കും ആനുകൂല്യം നൽകേണ്ടിവരുന്നതിലൂടെ വൻ ബാധ്യതയാണു സർക്കാരിനുണ്ടാകുന്നത്. അനർഹരെ ഒഴിവാക്കി ക്ഷേമനിധി അംഗത്വപ്പട്ടിക ശുദ്ധീകരിക്കാൻ ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് നടപടി തുടങ്ങിയിട്ടുണ്ട്. ധനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്. അതനുസരിച്ച് എല്ലാ ജില്ലകളിലും നടപടി തുടങ്ങി.
ആലപ്പുഴ ജില്ലയിലാണ് അനർഹർ കൂടുതലുള്ളതെന്നാണ് റിപ്പോർട്ട്. പതിനായിരത്തഞ്ഞൂറോളം അംഗങ്ങളാണ് ഇവിടെ ആകെയുള്ളത്. അതിൽ അനർഹരെന്നു ബോധ്യപ്പെട്ട 3,800 പേർക്കു നോട്ടീസയച്ചു. അർഹതയില്ലാത്ത 3,000 പേർ ഇനിയുമുണ്ടെന്നാണു വിലയിരുത്തൽ. കൊല്ലം ജില്ലയിൽ അനർഹരെന്നു കണ്ടെത്തിയ 500 പേർക്കു നോട്ടീസയച്ചിട്ടുണ്ട്.
മറ്റുജില്ലകളിലും അനർഹർ സ്വയം ഒഴിവാകണമെന്നു കാണിച്ച് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിയനുകൾ മുഖേന അംഗങ്ങളെ അറിയിക്കുകയും ചെയ്തു. ഒരേകുടുംബത്തിലെ എട്ടുപേർവരെ ക്ഷേമനിധിയിൽ ചേർന്നിട്ടുണ്ട്. ഒരു എംഎൽഎ. യുടെ ഓഫീസിലെ ജീവനക്കാരിയും അംഗമായിരുന്നു. ഇവരെയടക്കം പലരെയും ഒഴിവാക്കി.



