വിദ്യാർത്ഥികളെ കയറ്റാതെ പോയ സ്വകാര്യബസ് പിന്നോട്ടെടുപ്പിച്ച് വിദ്യാർത്ഥികളെ കയറ്റി മോട്ടോർവാഹനവകുപ്പ്. വ്യാഴാഴ്ച വൈകീട്ട് 5.15-ഓടെ കല്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്‌കൂളിനു മുന്നിലായിരുന്നു സംഭവം. കല്പറ്റയിലേക്കു വരുകയായിരുന്ന ബസ് വിദ്യാർത്ഥികൾ കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. ഈ സമയത്താണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട മോട്ടോർവാഹനവകുപ്പ് അധികൃതർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. അനൂപ് വർക്കി, എം വിഡി. വി.വി. വിനീത് എന്നിവരുടെ നേതൃത്വത്തിൽ ബസ് തടയുകയും പിന്നോട്ടെടുത്ത് വിദ്യാർത്ഥികളെ കയറ്റാനും നിർദേശിച്ചു. നൂറുമീറ്ററോളം ബസ് പിന്നോട്ടെടുപ്പിച്ച് സ്റ്റോപ്പിൽനിന്ന് വിദ്യാർത്ഥികളെ കയറ്റിയശേഷമാണ് യാത്ര തുടരാൻ അനുവദിച്ചത്.

പരിശോധന തുടരുമെന്നും വിദ്യാർത്ഥികളെ കയറ്റാത്ത ബസുകൾക്കുനേരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. 9188963112 എന്ന കൺട്രോൾ റൂം നമ്പറിലും ൃീേല12.ാ്‌റ@സലൃമഹമ.ഴീ്.ശി എന്ന ഇ-മെയിൽ വിലാസത്തിലും വിദ്യാർത്ഥികൾക്ക് പരാതികൾ അറിയിക്കാം.