കൊച്ചി: നിപ ജാഗ്രത തുടരുന്ന പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. കന്നിമാസ പൂജക്കായി മറ്റന്നാൾ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിർദ്ദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ആരോഗ്യ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കോഴിക്കോട് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ശബരിമലയിൽ തീർത്ഥാടകരുടെ വെർച്വൽ ക്യൂ സംവിധാനത്തിൽ 34,860 ബുക്കിങ്ങുകളാണ് കന്നിമാസ പൂജകൾക്കായി ഉള്ളത്. ഇതിനിടെ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളിൽ പരിശോധനകൾ തുടങ്ങി. കുറ്റ്യാടി കള്ളാട് മേഖലയിലാണ് പരിശോധന നടത്തുന്നത്. ആദ്യം രോഗം ബാധിച്ചു മരിച്ചതായി തിരിച്ചറിഞ്ഞ മുഹമ്മദിന്റെ വീട്, മുഹമ്മദിന്റെ തറവാട് വീട് എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. തുടർന്ന് വീടിന്റെ പിറകുവശത്തെ മരങ്ങൾ, പറമ്പിലെ മരങ്ങൾ എന്നിവ പരിശോധിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. മുഹമ്മദിന്റെ കൃഷിത്തോട്ടത്തിലും സംഘം സന്ദർശിച്ചു. കേന്ദ്രസംഘത്തിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരുമുണ്ട്.

ഇന്ന് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ചവരുടെ എണ്ണം നാലായി. ആദ്യ രോഗിയുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിയായ 39 കാരനാണ് ഇന്ന് നിപ സ്ഥിരികരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. മെഡിക്കൽ കോളജ് വാർഡിൽ ചികിത്സയിലാണ് ഇദ്ദേഹം. പ്രതിരോഗ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടേറ്റേറ്റിൽ നാല് മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് സർവ്വകക്ഷിയോഗം ചേർന്നത്. രോഗബാധിയ മേഖലയിലെ പഞ്ചായത്ത് ഭാരവാഹികളുടെ യോഗവും ചേർന്നു.