- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസ്; മരണ ശേഷവും വേട്ടയാടാൻ ശ്രമിക്കുന്നു; അടിയന്തര പ്രമേയ നോട്ടീസിന് പിന്നിൽ ഇതേ ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസ് തന്നെയാണെന്നും മരണ ശേഷവും വേട്ടയാടാൻ ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് പിന്നിലും ഇതെ ലക്ഷ്യമായിരുന്നെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. സോളാർ കേസിനു പിന്നിലും കോൺഗ്രസ് നേതൃത്വമായിരുന്നു. അധികാരമോഹികളായ കോൺഗ്രസ് നേതാക്കളായിരുന്നു സോളാർ കേസിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഉയർത്തി കൊണ്ടുവന്ന ആരോപണം പുതുപ്പള്ളി വിജയത്തിന്റെ തിളക്കം ഇല്ലാതാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇതിന് പിന്നിലും കോൺഗ്രസ് നേതാക്കളാണെന്നും സോളാർ വീണ്ടും ചർച്ചയാക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. സോളാർ കേസിൽ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലെ തന്റെ പ്രതിവാര പരിപാടിയായ നിലപാടിലായിരുന്നു എംവി ഗോവിന്ദന്റെ വിമർശനം.
അതേസമയം, സോളാർ കേസിൽ അഡ്വ ഫെനി ബാലകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല. ഫെനി ബാലകൃഷ്ണന് പിന്നിൽ മറ്റാരോ ഉണ്ടെന്നും ഇപി ആരോപിച്ചു. കോൺഗ്രസിലെ രണ്ട് ചേരികൾ തമ്മിലുള്ള പ്രശ്നമാണ് വിഷയം വീണ്ടും ചർച്ചയാകുന്നതിന് കാരണം. മരിച്ച ഒരു നേതാവിനെ വീണ്ടും അപമാനിക്കുന്നത് തെറ്റാണ്. ഇതിൽ നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും ഇപി ആവശ്യപ്പെട്ടു.




