- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏതു നുണയെയും പൊലിപ്പിച്ചു പ്രചരിപ്പിച്ചു വിശ്വസിപ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ തന്ത്രം': ഷിബു ബേബി ജോൺ
കൊല്ലം: യുഡിഎഫ് മതബോധന പഠനത്തിന്റെ കേന്ദ്രമാകാതെ പ്രതികരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാകണമെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ആർഎസ്‌പി കൊല്ലം പാർലമെന്ററി മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്‌പി യഥാർത്ഥ ഇടത് പക്ഷമായി പ്രവർത്തിക്കണം. യുഡിഎഫ് മുന്നണിയും ശക്തമായ രീതിയിൽ പ്രവർത്തിക്കണം. ധാർഷ്ട്യത്തോടെ ജനാധിപത്യ വ്യവസ്ഥയിൽ ഭരണാധികാരി നീങ്ങുമ്പോൾ പിടിച്ചുനിർത്തി മറുപടി പറയിക്കണമെന്നും ഷിബു ബേബി ജോൺ കൊല്ലത്ത് പറഞ്ഞു.
''ഏതു നുണയെയും പൊലിപ്പിച്ചു പ്രചരിപ്പിച്ചു വിശ്വസിപ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ തന്ത്രം. ടി.പി.ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി ക്രൂരമായി കൊലചെയ്ത ഗൂഢാലോചനയ്ക്കു പിന്നിൽ കേരളത്തിൽ ആദ്യം തെളിഞ്ഞു വന്നത് ഒരു മുഖമാണ്. ഉമ്മൻ ചാണ്ടിയെ അതിനേക്കാൾ ഭീകരമായി കൊല്ലാക്കൊല ചെയ്തു മരണത്തിലേക്കു തള്ളിവിട്ട ഗൂഢാലോചനയിലും തെളിയുന്നത് അതേ മുഖമാണ്.
നിയമപോരാട്ടം നടത്തി സോളർ ഗൂഢാലോചനയുടെ പിന്നിലുള്ള എല്ലാവരെയും പുറത്തു കൊണ്ടുവരും. സത്യം ഒരു നാൾ പുറത്തുവരുമെന്ന ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷയാണ് ആരോപണങ്ങൾ തുടർച്ചയായി വന്നിരുന്ന അക്കാലത്ത് കരുത്തായിരുന്നത്. വിവാദമായ ആ കത്തുകൊണ്ടുവന്നതിന്റെ പേരിലാണ് ഒരു പാർട്ടിയെ എൽഡിഎഫിൽ എടുത്തത്. ഈ വൃത്തികെട്ട രാഷ്ട്രീയത്തിന് കേരള ജനത മറുപടി നൽകും'' അദ്ദേഹം പറഞ്ഞു.
ഒരു പാർട്ടി യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയതിന്റെ ഉപാധിയാണ് സോളാർ ഗൂഢാലോചനയിലെ പുതിയ കത്തെന്നും ഷിബു കൂട്ടിച്ചേർത്തു. പരാതിക്കാരിക്ക് പണം നൽകിയത് ആരാണെന്ന് കണ്ടെത്തണം. അച്ഛനും മകനും അല്ല പണം നൽകിയത്. സോളാർ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അന്വേഷണം വേണം. ഗൂഢാലോചന നടത്തിയവരെ മുഴുവൻ പുറത്തു കൊണ്ടുവരണം. പരാതിക്കാരി എഴുതിയ കത്ത് മാറ്റിയെഴുതിയതിന് പിന്നിൽ ടിപിയെ കൊന്ന അതേ മുഖമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.




