- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിട്ടയർ ചെയ്യുന്നതിന് രണ്ട് മണിക്കൂർ മുൻപ് സസ്‌പെൻഷൻ; പിന്നാലെ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലും: വിരമിക്കൽ ആനുകൂല്യം തടഞ്ഞുവെച്ചതോടെ കുടുംബം ചികിത്സ നടത്തുന്നത് വീടും സ്ഥലവും പണയപ്പെടുത്തി
കോട്ടയം: മേലധികാരിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ച ഉദ്യോഗസ്ഥന് വിരമിക്കുന്നതിനു രണ്ട് മണിക്കൂർ മുൻപ് സസ്‌പെൻഷൻ. സബ് ട്രഷറി ഓഫിസിലെ സീനിയർ അക്കൗണ്ടന്റ് കാരാപ്പുഴ ഇടാട്ട് ചിറയിൽ ടി.സുനിൽ കുമാറിനെയണ് (56) സസ്‌പെൻഡ് ചെയ്തത്. ഇതോടെ വിരമിക്കൽ ആനുകൂല്യമായ 30 ലക്ഷം രൂപയും തടഞ്ഞുവച്ചു. ഈ ഉദ്യോഗസ്ഥൻ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചികിത്സയ്ക്ക് പണം കണ്ടെത്താൻ വിഷമിക്കുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം.
അദ്ദേഹത്തിന്റെ റിട്ടയർമെന്റ് ദിനമായ മാർച്ച് 31ന് ഉച്ചയ്ക്കാണ് സുനിലിന്റെ ജീവിതം തകിടം മറിഞ്ഞത്. ഫോണിലേക്ക് തിരുവനന്തപുരത്തു നിന്ന് ആശംസ അറിയിക്കുന്നതിന് ട്രഷറി ഡയറക്ടറുടെ വിളി വന്നു. ഫോണിൽ സുനിൽകുമാർ മോശമായി സംസാരിച്ചതിനാണ് അന്നു തന്നെ സസ്‌പെൻഷൻ വന്നത്. ഉന്നത ഉദ്യോഗസ്ഥരെന്നു പറഞ്ഞ് മറ്റു ചിലർ ഫോണിൽ വിളിച്ച് തന്നെ കബളിപ്പിച്ചിട്ടുണ്ടെന്നും അത്തരത്തിൽ തെറ്റിദ്ധരിച്ച് ആളറിയാതെയാണ് മറുപടി പറഞ്ഞതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സുനിൽ നൽകിയ വിശദീകരണം. എന്നാൽ ഇതു വിലപ്പോയില്ല. അദ്ദേഹത്തിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ പിടിച്ചുവെച്ചു.
റിട്ടയർ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രോഗബാധ തിരിച്ചറിഞ്ഞത്. ആകെയുള്ള ആറ് സെന്റ് സ്ഥലവും ചെറിയ വീടും കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ പണയപ്പെടുത്തിയാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തി. ട്രഷറി ഡയറക്ടറേറ്റ് തലത്തിൽ സംഭവം വീണ്ടും അന്വേഷിച്ചെന്നും ആനുകൂല്യങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും സബ് ട്രഷറി അധികൃതർ പറഞ്ഞു.



