- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടയഭൂമിയിലെ 1500 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾ ഫീസില്ലാതെ ക്രമപ്പെടുത്തി നൽകും; പുതിയ ഭൂപതിവ് ചട്ടം ഡിസംബറിനകം
തിരുവനന്തപുരം: പുതിയ ഭൂപതിവ് ചട്ടം ഡിസംബറിനകം പുറത്തിറക്കാൻ സർക്കാർ നീക്കം. പതിനഞ്ച് സെന്റ് വരെയുള്ള പട്ടയഭൂമിയിലെ 1500 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾ ഫീസില്ലാതെ ക്രമപ്പെടുത്തി നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളുമായാണ് പുതിയ ഭൂപതിവ് ചട്ടം വരുന്നത്. --ഉപജീവന ആവശ്യത്തിനായി നിർമ്മിച്ച കടമുറികളും ചെറിയ നിർമ്മിതികളും ക്രമപ്പെടുത്തുന്ന കാര്യത്തിലാണു വ്യക്തമായ ധാരണ. പൊതു ആവശ്യത്തിനായി പട്ടയ ഭൂമിയിൽ നിർമ്മിച്ച സ്‌കൂൾ, ആശുപത്രി പോലുള്ളവയുടെ കാര്യത്തിലും അനുകൂല നിലപാടാണു സർക്കാരിനുള്ളത്.
1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്ത ബിൽ നിയമമാകുന്നതു മുന്നിൽ കണ്ട് ഇതിനായുള്ള ചട്ടത്തിന്റെ പ്രാഥമിക കരട് റവന്യു വകുപ്പ് തയാറാക്കിയിരുന്നു. എന്നാൽ, ഗൗരവമേറിയ ചട്ടലംഘനങ്ങളുടെ കാര്യത്തിൽ എന്തു വേണമെന്നതിൽ രാഷ്ട്രീയ തീരുമാനം ആവശ്യമാണ്. ക്വാറികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കു പട്ടയഭൂമി ഉപയോഗിച്ചത് ക്രമപ്പെടുത്തണോ, പട്ടയഭൂമിയിൽ റിസോർട്ടുകളും ഹോട്ടലുകളും പോലുള്ള വൻ നിർമ്മാണങ്ങൾ നടത്തിയതിൽ എന്താകണം നിലപാട് തുടങ്ങിയ കാര്യങ്ങളിലാണു രാഷ്ട്രീയ തീരുമാനവും ധാരണയും രൂപപ്പെടേണ്ടത്.
ഇക്കാര്യത്തിൽ നിലവിൽ കോടതിയിലുള്ള വ്യവഹാരങ്ങളും സർക്കാരിനു തലവേദനയാണ്. രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടായ ശേഷമാകും നിലവിലെ ഭൂപതിവ് ചട്ടങ്ങളിലെല്ലാം ഭേദഗതികൾ വരുത്താൻ അനുവദിക്കുന്ന പുതിയ ചട്ടം പുറത്തിറക്കുക.



