കുമളി: കേരളത്തിൽനിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷത്തിന്റെ സ്വർണ ബിസ്‌ക്കറ്റ് കുമളി ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടി. 503 ഗ്രാമിന്റെ സ്വർണബിസ്‌ക്കറ്റുമായി തമിഴ്‌നാട് മധുര കൊച്ചടൈ മഹാഗണപതി നഗർ സ്വദേശി ഗണേശ(66)നാണ് പിടിയിലായത്.

ഗണേശൻ വെള്ളിയാഴ്ച രാത്രിയോടെ കുമളി ബസ്സ്റ്റാൻഡിൽ എത്തി. ഇയാൾ നടന്നുപോകുമ്പോൾ സംശയം തോന്നി തമിഴ്‌നാട് പൊലീസ് തടഞ്ഞുനിർത്തി. വയറിന്റെ ഭാഗം തൂങ്ങിയ നിലയിലായിരുന്നു. ഇതു ശ്രദ്ധിച്ച പൊലീസ് ഉദ്യോഗസ്ഥർ ഷർട്ട് ഊരാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ആദ്യം തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥർ ബലമായി ഷർട്ട് ഊരിയപ്പോൾ വയറിനോടുചേർന്ന് കെട്ടിവെച്ച സ്വർണബിസ്‌ക്കറ്റ് കണ്ടെത്തുകയായിരുന്നു. ഇതിന് 30 ലക്ഷം രൂപയോളം വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കേരളത്തിൽനിന്നും വാങ്ങിയ സ്വർണബിസ്‌ക്കറ്റ് മധുരയിൽ മറിച്ചുവിൽക്കാൻ കൊണ്ടുപോകുകയായിരുന്നെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. തേനി ആദായനികുതി ഉദ്യോഗസ്ഥരെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്വർണബിസ്‌ക്കറ്റും പിടിച്ചെടുത്തു. ഇത് എവിടെനിന്നാണ് വാങ്ങിയതെന്നും മറ്റുമുള്ള വിവരങ്ങൾ, കൂടുതൽ ചോദ്യംചെയ്താലേ മനസ്സിലാകുകയുള്ളൂവെന്ന് തേനിയിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.