പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പ്രത്യേക മഹാത്രിപുര സുന്ദരിപൂജ നടത്തി ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദ ബോസ്. ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയാണ് പ്രത്യേകപൂജകൾ നടത്തിയത്.

ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ഗവർണറെ ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഓണത്തിനു പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടൻ പലഹാരങ്ങളും ആനന്ദബോസ് സമ്മാനിച്ചിരുന്നു. മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനത്ത് എത്തിയത് 2022 നവംബറിലാണ്. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായതിനെ തുടർന്നായിരുന്നു നിയമനം.

ഗവർണർ നിയമനത്തിന് പിന്നാലെ ആനന്ദ ബോസും മമതയും തമ്മിൽ സഹകരിക്കുന്നതിൽ നേരത്തെ ബംഗാളിലെ ബിജെപി നേതാക്കൾ പരസ്യമായി എതിർപ്പ് അറിയിച്ച സമയത്ത് ഗവർണർക്കെതിരായ പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക് കൽപിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നടപടി ചർച്ചയായിരുന്നു.

നിർധന കുടുംബത്തിൽ ജനിച്ച് ആർഎസ്എസിന്റെ സാധാരണ പ്രചാരകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് സ്ഥിരോത്സാഹത്തോടെ പ്രവർത്തിച്ച് പടിപടിയായി വളർന്ന പ്രധാനമന്ത്രിയുടെ 73 ആം പിറന്നാളിന് പ്രത്യേകതകളേറെയാണ്. പ്രസ്ഥാനവും പരിവാറുമെല്ലാം വരുതിയിലാക്കിയ കരുത്തും ശൈലിയും രാഷ്ട്രീയമായി എതിർക്കുന്നവരും മോദിയെ അമ്പരപ്പോടെയാണ് നോക്കുന്നത്. പ്രതിപക്ഷം കരുത്താർജ്ജിക്കാനൊരുങ്ങുമ്പോൾ, തെരഞ്ഞെടുപ്പടുത്തുനിൽക്കെ പാർട്ടിയുടെ ഏറ്റവും വലിയ ബ്രാൻഡിനെ ആഘോഷമാക്കുകയാണ് ബിജെപി.