തിരുവനന്തപുരം: ശൗചാലയത്തിൽ വീണ് വീട്ടമ്മ മരിച്ചതുകൊലപാതകമെന്ന് കണ്ടെത്തിയ മലയിൻകീഴ് വിദ്യാ കൊലക്കേസിൽ പ്രതിയായ ഭർത്താവ് പ്രശാന്തിന് ജാമ്യമില്ല. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. പ്രതിയെ കൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകൾ കേസ് റെക്കോഡിലുണ്ടെന്ന് വിലയിരുത്തിയാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണൻ ജാമ്യഹർജി തള്ളിയത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടം പരിശോധനയിൽ വയറിലും തലക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായിട്ടുള്ളതായി മെഡിക്കൽ റിപ്പോർട്ടുള്ളതായും കോടതി നിരീക്ഷിച്ചു. വിചാരണ തീരും വരെ പ്രതി പുറം ലോകം കാണണ്ടന്ന് നിരീക്ഷിച്ച കോടതി പ്രതിയെ കൽ തുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാനും ഉത്തരവിട്ടു. 2023 ജൂൺ 22 വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കുണ്ടമൺകടവ് ശങ്കരൻ നായർ റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന കരുമം കിഴക്കേതിൽ വീട്ടിൽ വിദ്യ (30) ആണ് കൊല്ലപ്പെട്ടത്.

ജൂൺ 23 മുതൽ റിമാന്റിൽ കഴിയുന്ന ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനിൽ പ്രശാന്തിനാണ് (34) കോടതി ജാമ്യം നിഷേധിച്ചത്. സ്വകാര്യ ബാങ്ക് കളക്ഷൻ ഏജന്റായി ജോലി നോക്കി വരവേ 10 വർഷങ്ങൾക്ക് മുമ്പ് വിദ്യയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിദ്യയെ ഇയാൾ തലയ്ക്കടിച്ചും മർദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നെന്ന് കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന് ഒരു മാസം മുമ്പ് മുതൽ കുണ്ടമൺകടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവർ തമ്മിൽ പരസ്പരമുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നെന്നും ഇയാൾ മകളെ ഇതിനുമുൻപും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും വിദ്യയുടെ പിതാവ് പൊലീസിന് നൽകിയ മൊഴിയിൽ ആരോപിച്ചിട്ടുണ്ട്.

കുളിമുറിയിൽ തലയിടിച്ചു വീണാണ് വിദ്യ മരണപ്പെട്ടതെന്നാണ് ഭർത്താവ് പ്രശാന്ത് പൊലീസിനോട് പറഞ്ഞിരുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ഐപിഎസ്, തിരുവനന്തപുരം റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ശ്രീകാന്ത്കാട്ടാക്കട ഡിവൈഎസ്‌പി ഷിബു എൻ എന്നിവർ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വിദ്യയും താനും തമ്മിൽ വഴക്കുണ്ടായെന്നും വിദ്യയെ വയറ്റിൽ ചവിട്ടിയതായും തലപിടിച്ച് ഇടിച്ചെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.

റെസിഡൻസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സതീശ് കുമാറിന്റെ വീട്ടിലെ രണ്ടാംനിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. സംഭവത്തിന് ഒന്നര മാസം മുമ്പാണ് വിദ്യയും ഭർത്താവും രണ്ടു മക്കളും ഇവിടെ താമസം തുടങ്ങിയത്. സമീപവാസികളായ ആളുകളുമായി വീട്ടുകാർക്ക് ബന്ധമുണ്ടായിരുന്നില്ല.വ്യാഴാഴ്‌ച്ച വൈകുന്നേരം മകൻ സ്‌കൂൾ കഴിഞ്ഞ് വന്നപ്പോൾ അമ്മ രക്തം വാർന്നു ക്ഷീണിതയായി കിടക്കുന്നതാണ് കണ്ടത്.