തിരുവനന്തപുരം: 'ഇന്ത്യ' മഹാ സഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സിപിഎമ്മുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഖ്യത്തിലെ 28 പാർട്ടികളോടൊപ്പം സിപിഎമ്മും സജീവമായി മുന്നിലുണ്ടാകും. സഖ്യത്തിന്റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. മു്ന്നണിയിൽ ഭിന്നതയെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് പ്രതികരണം.

അതേസമയം ബംഗാളിലും കേരളത്തിലും സഖ്യമായി മത്സരിക്കേണ്ടതില്ലെന്ന് സിപിഎം. തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. രണ്ടിടങ്ങളിലും പ്രധാന എതിരാളി ഇന്ത്യാ സഖ്യത്തിൽപ്പെട്ടവർ തന്നെയായതിനാലാണിത്.

മുന്നണിയുടെ ഉന്നതതല ഏകോപനസമിതിയുടെ ഭാഗമാകേണ്ടെന്ന് സിപിഎം. കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സമിതിയിൽ അംഗമായി ചേർത്തിട്ടുണ്ടെങ്കിലും പ്രതിനിധിയെ അയക്കേണ്ടെന്നാണ് പൊളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായത്.

പ്രതിപക്ഷ ഐക്യത്തിനായി മുന്നണിയിൽ തുടരുമെങ്കിലും അംഗങ്ങളായ പാർട്ടികളുടെ തീരുമാനത്തിനുമുകളിൽ പ്രത്യേക സമിതികൾ വേണ്ടെന്നാണ് നിലപാടെന്ന് സിപിഎം. നേതൃത്വം വ്യക്തമാക്കി. എന്നാൽ, ഒക്ടോബർ അവസാനം പാർട്ടിയുടെ പരമോന്നത സമിതിയായ കേന്ദ്രകമ്മിറ്റി യോഗം ചേരുമ്പോൾ തീരുമാനം മാറാനും സാധ്യതയുണ്ട്.

പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത, മുംബൈയിൽ ചേർന്ന മുന്നണി യോഗത്തിലായിരുന്നു ഏകോപന സമിതിയുണ്ടാക്കാൻ തീരുമാനിച്ചത്. ഏകോപനത്തിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കുമായുള്ള ഈ ഉന്നതതല സമിതിയിൽ സിപിഎമ്മിനെയും ഉൾപ്പെടുത്തിയെങ്കിലും പാർട്ടി പ്രതിനിധിയെ തീരുമാനിച്ചിരുന്നില്ല. അതിനാൽ ഏകോപന സമിതിയുടെ ആദ്യ യോഗം കഴിഞ്ഞയാഴ്ച ഡൽഹിയിൽ ചേർന്നിരുന്നെങ്കിലും സിപിഎം. പങ്കെടുത്തിരുന്നില്ല.

കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തിൽത്തന്നെ 'ഇന്ത്യ' മുന്നണിയുമായി ബന്ധപ്പെട്ട ചർച്ചകൾ വന്നപ്പോൾ നേതൃനിരയിൽ പ്രധാന സ്ഥാനങ്ങൾ സ്വീകരിക്കേണ്ടെന്ന തരത്തിൽ അഭിപ്രായങ്ങളുയർന്നിരുന്നു. അതേവികാരം പി.ബി. യോഗത്തിലും വന്നതായാണ് സൂചന. സമിതിയുടെ ഭാഗമാകുന്നതിനോട് കേരളത്തിൽനിന്നുള്ള നേതാക്കളും വിയോജിച്ചതായാണറിയുന്നത്.