പാലക്കാട്: പലചരക്ക് കടയിൽ സാധനം വാങ്ങുകയായിരുന്നു സ്ത്രീയുടെ മാല കവർന്ന് ബൈക്കിൽ രക്ഷപ്പെട്ട കേസിൽ രണ്ടാം പ്രതി പിടിയിൽ. കോയമ്പത്തൂർ സിംഗനെല്ലൂർ ഉപ്പിലി പാളയം ശ്രീനിവാസ പെരുമാൾ സ്ട്രീറ്റിൽ ശരവണൻ (33) ആണ് അറസ്റ്റിലായത്. ഉദുമൽപേട്ടയിൽ നിന്ന് പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ ആറാം തീയതി കാടാങ്കോട് വച്ചാണ് സംഭവം. നാല് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ശരവണനും കേസിലെ ഒന്നാം പ്രതി കണ്ണനും ചേർന്ന് മോഷ്ടിച്ചത്. കേസിൽ ഒന്നാം പ്രതി കണ്ണനെ കഴിഞ്ഞ ദിവസം മറ്റൊരു സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് പിന്തുടർന്ന് പിടികൂടിയിരുന്നു.

മോഷണ മുതലുകൾ മേട്ടുപ്പാളയത്തെ ജൂവലറിയിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ ഹാജരാക്കിയ ശരവണനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശരവണൻ കോയമ്പത്തൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 14 കവർച്ച കേസുകളിൽ പ്രതിയാണ്. കോയമ്പത്തൂർ ജയിലിൽ വച്ച് പരസ്പരം പരിചയപ്പെട്ട വിവിധ കേസുകളിലെ പ്രതികളാണ് കേരളത്തിൽ എത്തി വിവിധ സ്ഥലങ്ങളിൽ മാലമോഷണം അടക്കം നടത്തിയത്.