- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലത്തോട്ടത്തിലെ തൊഴിലാളികൾക്ക് മുന്നിലേക്ക് ചാടി വീണ് കടുവ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബത്തേരി: ഏലത്തോട്ടത്തിൽ വനിതാ തൊഴിലാളികളുടെ മുൻപിലേക്ക് കടുവ ചാടി വീണു. കടുവയുടെ ആക്രമണത്തിൽ നിന്ന് വനിതാ തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാകേരി ഏദൻവാലി എസ്റ്റേറ്റിലാണ് കടുവ ഭീതി വിതച്ചത്. ഏലച്ചുവട്ടിൽ പൈപ്പു വഴി വളം തളിക്കുന്നതിനായി പോയ ശാരദ, ഇന്ദിര എന്നിവരുടെ മുൻപിലേക്കാണ് ഇന്നലെ രാവിലെ എട്ടരയോടെ കടുവ ചാടിയത്. കടുവയെക്കണ്ട ഇന്ദിര സ്ഥലത്ത് തളർന്നു വീണു. സമീപത്തുള്ള വയലിലേക്കോടിയ കടുവ ചെന്നത് അവിടെയുണ്ടായിരുന്ന ഷീജയെന്ന സ്ത്രീയുടെ മുന്നിലേക്കാണ്. കടുവയെക്കണ്ട ഷീജയും ഭയചകിതയായി.
ഒടുവിൽ എസ്റ്റേറ്റിന്റെ മറ്റൊരു ഭാഗത്ത് നിലയുറപ്പിച്ച കടുവ പതിയെ സ്ഥലത്തു നിന്ന് മാറിയെന്നാണ് വിവരം. തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്ന മാനേജർ ഐപ്. പി. ചെറിയാനാണ് വനപാലകരെ വിവരമറിയിച്ചത്. ഇരുളം സെക്ഷനിൽ നിന്നെത്തിയ പത്തംഗ വനപാലക സംഘം എസ്റ്റേറ്റിൽ നിരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തേൻകുഴി ഭാഗം വഴി കടുവ പിന്നീട് കാടു കയറിയെന്നാണ് നിഗമനം. സ്ഥലത്ത് രാത്രിയിലും പട്രോളിങ് ഏർപ്പെടുത്തിയതായി റേഞ്ച് ഓഫിസർ കെ.പി. സമദ് പറഞ്ഞു. മുൻപ് ഇതേ എസ്റ്റേറ്റിൽ നിന്ന് കടുവയെ പിടികൂടി ബത്തേരിയിലെ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചിരുന്നു.



