പത്തനംതിട്ട: കോയിപ്രം പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പുല്ലാട് ഐരാക്കാവിന് സമീപത്തെ പുഞ്ചയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ. പുല്ലാട് അയിരക്കാവ്പാറയ്ക്കൽ പ്രദീപ് കുമാർ (40) ആണ് മരിച്ചത്. അയൽവാസിയായ മോൻസിയെ പൊലീസ് സംശയിക്കുന്നു.

ഇയാൾ പൊലീസിൽ കീഴടങ്ങിയെന്നും പറയുന്നു. ഇന്നലെ ഇരുവരും തമ്മിൽ സംഘട്ടനം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പുഞ്ചയിലെ ചെളിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് എത്തി പുറത്തെടുത്തപ്പോൾ വയറിൽ കുത്തേറ്റ് കുടൽമാല പുറത്തു വന്ന നിലയിലായിരുന്നു.

പുല്ലാട് കവലയിൽ മീൻ കച്ചവടം നടത്തുന്നയാളാണ് മോൻസി. ഇയാളുടെ ഭാര്യയും പ്രദീപുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതേച്ചൊല്ലിയുള്ള സംശയ വഴക്കിനൊടുവിൽ മോൻസി പ്രദീപിനെ ഓടിച്ചിട്ട് മർദിക്കുകയും അവസാനം കുത്തി വീഴ്‌ത്തി പുഞ്ചയിൽ ചവിട്ടി താഴ്‌ത്തുകയുമായിരുന്നുവെന്ന് പറയുന്നു. കോയിപ്രം പൊലീസ് മേൽനടപടി സ്വീകരിച്ചു.