തിരുവനന്തപുരം: കരുവന്നൂർ തട്ടിപ്പ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് സതീശൻ ആരോപിച്ചു. നിരപരാധികളെ കുടുക്കി വലിയ നേതാക്കളെ രക്ഷപെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്. കരുവന്നൂർ തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ബിജെപിക്കെതിരായി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന വർഗീയ-ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുമായി സഹകരിക്കേണ്ടെന്നാണ് സിപിഎം കേരള ഘടകത്തിന്റെ തീരുമാനമെന്നും സതീശൻ വിമർശിച്ചു. സിപിഎം കേരളഘടകത്തിന്റെ അനാവശ്യമായ നിർബന്ധത്തിന് വഴങ്ങിയാണ് ഇന്ത്യാമുന്നണിയിലേക്ക് സിപിഎമ്മിന്റെ പ്രതിനിധിയെ അയയ്ക്കേണ്ടെന്ന് പാർട്ടി ദേശീയ നേതൃത്വം തീരുമാനിച്ചത്.

ലൈഫ് മിഷൻ കേസിലും ലാവ്ലിൻ കേസിലും മാസപ്പടിയിലും ഉൾപ്പെടെ ബിജെപി നേതൃത്വവുമായി ഒത്തുതീർപ്പുള്ളതുകൊണ്ടാണ് സിപിഎം ഇത്തരത്തിൽ ഒരു നിലപാട് എടുത്തതെന്നും സതീശൻ ആരോപിച്ചു.