തിരുവനന്തപുരം: സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ കുടുംബവീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാറശ്ശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ (ഹരി) ഭാര്യ ശ്രീലതികയാണ് (38) മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വിവരം.

പുലിയൂർശാല ചരുവിള പുത്തൻവീട്ടിൽ മധുസൂദനൻനായരുടെയും കൃഷ്ണമ്മയുടെയും മകളാണ്. പാറശ്ശാലയ്ക്കു സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപികയാണ്. ഭർത്താവുമായിട്ടുള്ള കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഭർതൃഗൃഹത്തിൽനിന്ന് ഞായറാഴ്ചയാണ് പുലിയൂർശാലയിലെ കുടുംബവീട്ടിലെത്തിയത്. വൈകീട്ട് ഒൻപതുമണിയോടെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മകൻ: അജയ്. സംഭവത്തിൽ അസ്വാഭാവികമരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു.