- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വവ്വാലുകളുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്; വൈറസിന്റെ ജനിതക പഠനം പൂർത്തിയായി; വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി; സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പരിശോധനക്കയച്ച 49 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. 36 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്. ഇൻഡക്‌സ് കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ള 281 പേരുടെ ഐസൊലേഷൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകരെ ചെറിയ ലക്ഷണങ്ങളുമായി മെഡിക്കൽ കോളജിലെ ഐസലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാംപിൾ എടുത്ത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ആദ്യം നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവ് ആണ്. നിപ സ്ഥിരീകരിച്ച മറ്റുള്ളവരുടെ ഹൈ റിസ്‌ക് കോൺടാക്റ്റിൽ ഉൾപ്പെട്ടവരുടെ സാംപിളുകളുടെ പരിശോധന പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പുതുതായി 16 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. എല്ലാവരും ലോ റിസ്‌ക് കാറ്റഗറിയിൽ പെട്ടവരാണ്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണം. നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത് നിന്ന് വവ്വാലുകളുടെ സ്രവം പരിശോധിച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. 36 വവ്വാലുകളുടെ സാമ്പിളുകൾ നെഗറ്റീവ് ആണ്. ഈ വ്യക്തി പോയ മറ്റു സ്ഥലങ്ങളിൽ നിന്നും സാമ്പിളുകൾ പരിശോധിക്കും- ആരോഗ്യമന്ത്രി പറഞ്ഞു.
വവ്വാലുകളിൽനിന്നും ശേഖരിച്ച 14 സാംപിളുകളും നെഗറ്റീവാണ്. വൈറസിന്റെ ജനിതക പഠനം പൂർത്തിയായെന്ന് പറഞ്ഞ മന്ത്രി, വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്നും 2018 , 2019, 2021 മൂന്ന് തവണയും രോഗം സ്ഥിരീകരിച്ചത് ഒരോ വൈറസിൽ നിന്നായിരുന്നു, ഇത്തവണയും സമാനാണെന്നും കൂട്ടിച്ചേർത്തു. അതേസമയം പന്നി ചത്ത സംഭവത്തിൽ അസ്വാഭാവികതകളൊന്നും നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾ ജാഗ്ര കൈവിടരുതെന്നും അമിത ആത്മവിശ്വാസം വേണ്ട എന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് തുടരണം. കണ്ടെയ്ന്മെന്റ് വളണ്ടിയർമാരുടെ പ്രവർത്തനം മികച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.




