കോന്നി: ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വില്പന 74 ലക്ഷം കവിഞ്ഞു. ടിക്കറ്റ് വിൽപ്പന പൂർത്തിയാക്കാനായി ബുധനാഴ്ച സംസ്ഥാനത്തെ ലോട്ടറി ഓഫീസുകൾ എട്ടുമണിക്ക് തുറക്കും. പത്തുമണിവരെ ബമ്പർ ടിക്കറ്റുകൾ ഏജന്റുമാർക്ക് വിതരണം ചെയ്യും. ബുധനാഴ്ച രണ്ടുമണിക്കാണ് നറുക്കെടുപ്പ്.

25 കോടി രൂപയാണ് ഒന്നാംസമ്മാനം. 5,34,000 സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്. രണ്ടാംസമ്മാനം ഒരുകോടി വീതം 20 പേർക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്ച വരെ 74,30,000 ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞവർഷത്തേക്കാൾ 11 ലക്ഷം ടിക്കറ്റുകൾ അധികമായി വിറ്റു. 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയിൽ മുമ്പിൽ. അവിടെ 2,81000 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു.