തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാത്തവരാണോ നിങ്ങൾ? എങ്കിൽ ഇനി കേസ് തീർക്കാൻ കോടതി കയറി ഇറങ്ങേണ്ടിവരും. സംസ്ഥാനത്തെ വെർച്വൽ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികൾക്ക് കൈമാറി. പൊലീസും മോട്ടോർവാഹനവകുപ്പും ചുമത്തിയ ഇ-ചെലാൻ കേസുകളാണിവ.

ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവർക്ക് ഡ്രെവിങ് ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കടുത്തശിക്ഷ കോടതികളിൽ നേരിടേണ്ടിവരും. ഒന്നിലേറെത്തവണ നിയമലംഘനങ്ങൾ ആവർത്തിച്ചവർക്ക് പിഴ ഇരട്ടിയാകും. കൂടാതെ കേസ് നടത്തുന്നതിന് വക്കീലിനെ ഏർപ്പാടാക്കുന്നതടക്കം പൈസ ചിലവും വർദ്ദിക്കും. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കഴിവതുംവേഗം ഓൺലൈനിൽ അടയ്ക്കുക എന്നതാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഏക പോംവഴി.

പിഴ വാങ്ങി കേസ് തീർപ്പാക്കാനുള്ള അധികാരം (കോമ്പൗണ്ടിങ്) ഉപയോഗിച്ച് സർക്കാർ നൽകിയിരുന്ന ഇളവുകൾ കോടതികളിൽനിന്ന് ലഭിക്കില്ല എന്നതും തന്നെ കാരണം. കേസ് നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകൾ പുറമേവരും. കോടതി കേസ് തീർപ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല.

കേസ് തീർപ്പാക്കാൻ പരമാവധി മൂന്നുമാസം അനുവദിക്കാമെങ്കിലും ഒരുമാസം തികയുമ്പോഴേ മോട്ടോർവാഹനവകുപ്പ് കേസുകൾ കോടതിക്ക് കൈമാറും. ഇതോടെ, കേസുകളുടെ ബാഹുല്യം പ്രതിസന്ധിയായി. ഇങ്ങനെ കെട്ടിക്കിടന്ന കേസുകളാണ് സി.ജെ.എം. കോടതികൾക്ക് കൈമാറിയത്.

വെർച്വൽകോടതിക്ക് കൈമാറിയാലും, കേസ് ഓൺലൈനിൽ തിരികെവിളിച്ച് പിഴ ചുമത്തി തീർക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കുണ്ട്. എന്നാൽ, സി.ജെ.എം. കോടതികളിൽ അതിന് കഴിയില്ല. കുറ്റം കണ്ടെത്തിയ ഉദ്യോഗസ്ഥൻ കേസ് ഫയൽ കോടതിക്ക് സമർപ്പിച്ചാലെ സി.ജെ.എമ്മിനും കേസ് പരിഗണിക്കാൻ കഴിയൂ. പിഴ അടയ്ക്കാനെത്തുന്നവർ ഇക്കാര്യം ഉറപ്പാക്കണമെന്ന നിർദ്ദേശം മിക്ക കോടതികളും നൽകിയിട്ടുണ്ട്. കേസ് കോടതിയിൽ എത്തിക്കേണ്ടതും വാഹന ഉടമയുടെ ചുമതലയായി.