കണ്ണൂർ: സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പയ്യന്നൂരിൽ നേരിട്ട ജാതി വിവേചന വിഷയം അങ്ങേയറ്റം തെറ്റായ കാര്യമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. കണ്ണൂർ ഡി.സി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യന്നൂരിന്റെ ചരിത്രത്തിന് വിപരീതമായ സംഭവമാണിത്. താഴ്ന്നജാതിക്കാർക്ക് വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടി എ.കെ.ജി സമരം നടത്തുകയും മർദ്ദനമേറ്റുവാങ്ങുകയുംചെയ്ത നാടാണ് പയ്യന്നൂര്. ഇവിടെ ജാതിയുടെ പേരിൽ ചിലർ പുലർത്തുന്ന തെറ്റായ ചിന്തകൾ തിരുത്തണം. ആചാര അനുഷഠാനങ്ങളുടെ ഭാഗമായി ജാതി ചിന്തയിലൂടെ സമീപിക്കുന്നത് ശരിയല്ലെന്നും എം വി ജയരാജൻ പറഞ്ഞു.

ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇത് നടന്നതെന്നു പറഞ്ഞ് ന്യായീകരിക്കേണ്ട ആവശ്യമില്ല എന്നും എം വി ജയരാജൻ വ്യക്തമാക്കി .കമ്മ്യൂണിസ്റ്റുകാരുടെ സ്വാധീന കേന്ദ്രമാണോ എന്നുള്ളതിന് അവിടെ പ്രസക്തിയില്ല. ജാതി ചിന്തകൾ നിലനിൽക്കുന്നത് പ്രശ്നമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ജാതി ചിന്തകളെ കൂട്ടായി എതിർക്കുകയാണ് വേണ്ടത്. മന്ത്രിക്ക് നേരിട്ട വിവേചനത്തിൽ അദ്ദേഹവും പയ്യന്നൂർ എംഎൽഎയും അന്നുതന്നെ പ്രതികരിച്ചിരുന്നുവെന്നും അതു ഇപ്പോഴാണ് വാർത്തയായതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാനേതൃത്വത്തിന്റെ ശ്രദ്ധയിൽ അന്നു തന്നെ ഇക്കാര്യം വന്നിരുന്നുവെങ്കിലും മന്ത്രിയും എംഎൽഎയും പ്രതികരിച്ചതിനാലാണ് പാർട്ടിയെന്ന നിലയിൽ വിഷയത്തിൽ ഇടപെടാതിരുന്നതെന്നും എം.വിജയരാജൻ പറഞ്ഞു.

നേതാക്കൾ തമ്മിൽ ഐക്യമില്ലായ്മ കോൺഗ്രസിലെ പുതിയ കാര്യമല്ല. പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകളില്ലെന്നു പറയുമ്പോഴും പ്രതിപക്ഷനേതാവ്വി.ഡി സതീശന്റെയും, കെ.പി സി.സി അധ്യക്ഷൻ കെ.സുധാകരന്റെയും പ്രവൃത്തികൾ അതിന് യോജിക്കുന്നില്ല. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ ഓരോരുത്തരും ഓരോന്നാണ് പറയുന്നത്.

ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയാണ് വിജയിപ്പിച്ചതെന്നു പറയുമ്പോൾ മറ്റുള്ളവർ അതിന്വിപരീതമായാണ് പറയുന്നതെന്നും എം.വിജയരാജൻ ചൂണ്ടിക്കാട്ടി. ജനങ്ങൾക്കും നാടിനും കേരളത്തിനും വേണ്ടി ശബ്ദം ഉയർത്താത്ത കോൺഗ്രസിന്റെയും ബിജെപിയുടെയും എംപിമാർ ഇനിയും ഡൽഹിയിലേക്ക് പോകണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും
എം വി ജയരാജൻ പറഞ്ഞു.