തിരുവനന്തപുരം: കെട്ടിടനിർമ്മാണ പെർമിറ്റിന് ഏർപ്പെടുത്തിയ ഫീസ് വർധന കുറയ്ക്കില്ലെന്നു സർക്കാർ. നിരക്ക് കുറയ്ക്കണമെന്നും പഴയ ഫീസ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നാലുപേർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൂന്നുമാസത്തിനകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം പരിഗണിച്ചാണ് തദ്ദേശസ്വയംഭരണ വകുപ്പ് തീരുമാനം വ്യക്തമാക്കിയത്.

എന്നാൽ, 20 വർഷത്തിനിടെ നാമമാത്രമായ വർധനയാണ് വരുത്തിയതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് വാദിച്ചു. പാർപ്പിടേതര കെട്ടിടങ്ങൾക്ക് നാലുരൂപയിൽനിന്ന് 15 രൂപമാത്രമായാണ് വർധിപ്പിച്ചത്. അഗ്‌നിരക്ഷാസേന, മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി വകുപ്പ് എന്നിവയുടെ അനുമതിക്ക് നൽകുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്നത് കുറഞ്ഞ തുകയാണെന്നും സേവനങ്ങളും ചെലവും പതിന്മടങ്ങ് വർധിച്ചിട്ടുണ്ടെന്നും വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ വിശദീകരിച്ചു. ടോമി ഈപ്പൻ, എൻ.എം. നജീബ്, പി. അബ്ദുൽ ലത്തീഫ്, സി. പ്രകാശ് എന്നിവരായിരുന്നു ഹർജിക്കാർ.