- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലുകളിലെ പാഴ്സൽ; പാത്രം കൊണ്ടു ചെല്ലുന്നവർക്ക് വിലയിളവ് നൽകാൻ നീക്കം
കൊച്ചി: ഹോട്ടലുകളിൽ നിന്നും പാഴ്‌സൽ വാങ്ങാനെത്തുന്നവർ പാത്രം കൊണ്ടു ചെന്നാൽ വിലയിൽ ഇളവ് നൽകാൻ നീക്കം. ഹോട്ടലുകളിൽനിന്ന് ഭക്ഷണം പാഴ്സൽ ചെയ്തു നൽകുന്നതിന് പ്ലാസ്റ്റിക് ഒഴിവാക്കാനാണ് പുതിയ നീക്കം. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷനാണ് പുതിയ ശ്രമങ്ങൾക്കു തുടക്കമിടുന്നത്.
പാഴ്സൽ വാങ്ങാൻ ഉപഭോക്താക്കൾ പാത്രം കൊണ്ടുചെല്ലുകയാണെങ്കിൽ അഞ്ചു ശതമാനം മുതൽ 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട് നൽകുന്ന കാര്യം പരിഗണിക്കും. പാഴ്സലുകൾക്കായി പ്ലാസ്റ്റിക് ഒഴിവാക്കി ഒരേ തരം പാത്രങ്ങൾ ഹോട്ടലുകളിൽ നടപ്പാക്കുന്നത് പരിഗണിക്കും. ഇതിനായി പാത്രങ്ങളും കണ്ടെയ്നറുകളും നിർമ്മിക്കുന്ന ഉത്പാദകരുമായി സഹകരിക്കും. ഈ പാത്രം ഒരു ഹോട്ടലിൽനിന്ന് വാങ്ങി സംസ്ഥാനത്തെ മറ്റേതൊരു ഹോട്ടലിൽ തിരികെ നൽകിയാലും പാത്രത്തിന്റെ വില ആ ഹോട്ടലിൽനിന്ന് മടക്കി നൽകുന്ന പദ്ധതി കേരള ഹോട്ടൽ ആൻഡ് െറസ്റ്റോറന്റ് അസോസിയേഷൻ ആവിഷ്‌കരിക്കും.
പായ്ക്കിങ്ങിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. ഇതിനായി അംഗങ്ങൾക്ക് നിർദ്ദേശം നൽകുമെന്നും അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ വ്യക്തമാക്കി. എറണാകുളം കെ.എച്ച്.ആർ.എ. ഭവനിൽ നടന്ന ബോധവത്കരണ സെമിനാറിലായിരുന്നു പ്രഖ്യാപനം. സെമിനാർ ഉദ്ഘാടനം ചെയ്ത ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ. വിനോദ് പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലെന്ന് പഠനങ്ങൾ ഉണ്ടെന്നും മറ്റ് മാർഗങ്ങൾ തേടണമെന്നും നിർദേശിച്ചിരുന്നു.
ഈ പദ്ധതിയുമായി കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് സഹകരിക്കുമെന്നും അതിനു പിന്തുണ നൽകുമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉറപ്പുനൽകി.
ബോധവത്കരണ സെമിനാറിൽ ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മിഷണർ രഘു, കെ.എച്ച്.ആർ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, ജില്ലാ സെക്രട്ടറി കെ.ടി. റഹിം, മറ്റ് ഇതര വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



