തിരൂർ: തീവണ്ടിയിൽ ഒളിച്ചുകടത്തുകയായിരുന്ന 14 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചെന്നൈ-മംഗലാപുരം മെയിലിൽ തിരൂരിൽ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തോടു ചേർന്നുള്ള വാഷ്‌ബേസിനടുത്ത് ബാഗ് കണ്ടെത്തിയത്. കഞ്ചാവ് കടത്തിയ ആളെ കണ്ടെത്താനായില്ല. റെയിൽവേ സംരക്ഷണസേനയും എക്‌സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തുറന്നു പരിശോധിച്ചപ്പോഴാണ് രണ്ടുകിലോ വീതം ഏഴു പായ്ക്കറ്റുകളിലാക്കി കഞ്ചാവ് സൂക്ഷിച്ചതു കണ്ടെത്തിയത്.

പരിശോധനയ്ക്ക് റെയിൽവേ സംരക്ഷണസേന സബ് ഇൻസ്പെക്ടർ കെ.എം. സുനിൽകുമാർ, ഹെഡ് കോൺസ്റ്റബിൾ എം. ബൈജു, കോൺസ്റ്റബിൾമാരായ കെ. മിഥുൻ, കെ. പ്രജിത്ത്, തിരൂർ എക്‌സൈസ് ഇൻസ്പെക്ടർ ടി. രഞ്ജിത്ത്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി. രവീന്ദ്രനാഥ്, വി. അരവിന്ദൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ബി. വിനീഷ്, വി. ഐശ്വര്യ എന്നിവർ നേതൃത്വം നൽകി. തുടർനടപടിക്കായി കഞ്ചാവ് എക്‌സൈസിനു കൈമാറി.