തിരുവനന്തപുരം: പാറശാലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. സ്‌കൂളിൽ വച്ച് രണ്ട് വിദ്യാർത്ഥികൾ തമ്മിൽ വഴക്കുണ്ടായി. ഇതേതുടർന്ന് ക്ലാസ് ലീഡറായ കുട്ടി പ്രശ്‌നത്തിൽ ഇടപെട്ടു. കൂടാതെ, പ്രശ്‌നം സ്‌കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തു. പ്രശ്‌നം സ്‌കൂൾ അധികൃതരെ അറിയിച്ചതിനെ ചൊല്ലി രണ്ടു വിദ്യാർത്ഥികൾ ലീഡറുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ഇവർ ക്ലാസ് ലീഡറെ മർദിക്കുകയും കൈ തല്ലിയൊടിക്കുകയുമായിരുന്നു.

കുട്ടി ആശുപത്രിയിൽ ചികിത്സതേടി. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. മകനെ മർദിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. വിഷയം ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ഇവർ ആരോപിക്കുന്നു.