കണ്ണൂർ: തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ, അർധരാത്രിയിൽ ബഹളം വെച്ചു പൊലീസുകാരെ ആക്രമിച്ച ആറുപേർക്കെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചു. പൊലീസുമായുള്ള തർക്കത്തിനിടെ സ്റ്റേഷനിൽ നിന്നും കടന്നുകളഞ്ഞ മുറിയാത്തോട് സ്വദേശികളായ രാജേഷ് ഉൾപ്പെടെയുള്ള ആറുപേരെ കണ്ടെത്താൻ തളിപ്പറമ്പ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

വ്യാഴാഴ്‌ച്ച രാത്രി പതിനൊന്ന് മണിക്ക് പുളിമ്പറമ്പിലുണ്ടായ ബൈക്ക്-കാർ ഉരസലുമായി ബന്ധപ്പെട്ട് ഇവർ ബൈക്ക് യാത്രക്കാരനായ സിറാജുമായി വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലെത്തിച്ച ആറംഗസംഘമാണ് ബഹളം വെക്കുകയും പൊലൂസിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്.

ഇൻസ്‌പെക്ടർ എ.വി.ദിനേശൻ സ്റ്റേഷനിലുള്ള സമയത്താണ് ഇവർ ബഹളം വെച്ചത്. അനിയന്ത്രിതമായ രീതിയിൽ പെരുമാറാൻ തുടങ്ങിയതോടെ കൂടുതൽ പൊലീസ് എത്തിയപ്പോഴാണ് സംഘം ഓടി രക്ഷപ്പെട്ടത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്. കാറിലുണ്ടായിരുന്നവർ ബൈക്ക് യാത്രികനെ മർദ്ദിച്ചതോടെയാണ് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്.

തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തു കൊണ്ടുവന്നപ്പോൾ സ്റ്റേഷനിൽ വച്ച് വാക്കേറ്റത്തിനും കയ്യാങ്കളിക്കും മുതിർന്നു. ഇതു തടയാൻ ശ്രമിച്ച പൊലീസിനെ ഭീഷണിപ്പെടുത്താനും, കൈയേറ്റം ചെയ്യാനും ശ്രമിച്ച സംഭവത്തിലാണ് പട്ടുവം മുറിയാത്തോടിലെ രാജേഷ് ഉൾപ്പെടെയുള്ള കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

പട്ടുവം മുറിയാത്തോട് സ്വദേശി രാജേഷിന്റെ പേരിൽ നിരവധി കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കും കൂട്ടാളികൾക്കുമായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതികൾ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്ത സംഭവംഗുരുതരമായ വീഴ്‌ച്ചയായാണ് വിലയിരുത്തപ്പെടുന്നത്. കണ്ണൂർ റൂറൽ എസ്‌പി ഹേമലത ഇക്കാര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോട് റിപ്പോർട്ടു തേടിയിട്ടുണ്ടെന്നാണ് സൂചന.