കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ കാൽനടയാത്രക്കാരൻ ബൈക്കിടിച്ചു ദാരുണമായി മരണമടഞ്ഞു. ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാൾ ബർദ്വാൻ സ്വദേശി ജമാൽ ഖാനാണ്(53)മരണമടഞ്ഞത്. ബൈക്ക് യാത്രക്കാരനായ കർണാടക ഉഡുപ്പി സ്വദേശി ശ്രേയരാജ് ഷെട്ടിക്ക് നിസാരപരുക്കേറ്റു.

സുഹൃത്തിനൊന്നിച്ചു ബൈക്കിൽ തൃശൂരിലേക്ക് പോവുകയായിരുന്നു ഇയാൾ. വെള്ളിയാഴ്‌ച്ച രാവിലെ ഏഴുമണിയോടെ കൊവ്വപ്പുറം ഓട്ടോസ്റ്റാൻഡിന് അടുത്തുവച്ചായിരുന്നു അപകടം. കൊവ്വപ്പുറത്തെ താമസസ്ഥലത്തു നിന്നും പാപ്പിനിശേരിയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ജമാൽഖാൻ ഒരാഴ്‌ച്ച മുൻപേയാണ് കണ്ണൂരിലെത്തിയത്. കൂട്ടുകാരുമൊത്ത് നടന്നുപോവുകയായിരുന്ന ജമാൽ ഖാനെ പുറകിൽ നിന്ന് എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ നാട്ടുകാരും പൊലിസും ചേർന്ന് ഇയാളെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാവിലെ പത്തുമണിയോടെ മരണമടയുകയായിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണപുരം പൊലിസ് കേസെടുത്തിട്ടുണ്ട്.