കടുത്തുരുത്തി: ബസിൽ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അതേ കെ.എസ്.ആർ.ടി.സി. ബസിടിച്ചു നഴ്‌സറി സ്‌കൂൾ ഹെൽപ്പർക്ക് ദാരുണാന്ത്യം. കാഞ്ഞിരത്താനം സെന്റ് ജോൺസ് നഴ്‌സറി സ്‌കൂളിലെ ഹെൽപ്പറായ കാഞ്ഞിരത്താനം കിഴക്കേഞാറക്കാട്ടിൽ (ഇരുവേലിക്കൽ) ജോസി തോമസ് (54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ കാഞ്ഞിരത്താനം ജങ്ഷനിലാണ് അപകടം.

ഭർത്താവിനൊപ്പം വീട്ടിൽ നിന്നും നടന്നുവന്ന ജോസി, ജങ്ഷനിൽ നിൽക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചുനിൽക്കുമ്പോളാണ് വൈക്കം ഭാഗത്തേക്കുള്ള ബസെത്തുന്നത്. ഈ സമയം ഭർത്താവ് തോമസ് റോഡിനപ്പുറം കടന്നിരുന്നു.

റോഡിന് മറുവശത്തുണ്ടായിരുന്ന ഭർത്താവിനൊപ്പം ബസിൽ കയറുന്നതിനായി ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. കൈ ഉയർത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാൽ ഡ്രൈവറുടെ ശ്രദ്ധയിൽ ഇതു പെട്ടില്ലെന്നും പറയുന്നു.

ബസ് തട്ടി റോഡിൽ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കേറിയിറങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ. ഏകമകൻ അഖിൽ തോമസ് (ദുബായ്).