കാഞ്ഞങ്ങാട്: റെയിൽപ്പാളത്തിൽ കല്ലും കരിങ്കൽച്ചീളുകളും വച്ചാൽ പത്തു വർഷം വരെ തടവ്. കുട്ടികൾക്ക് മുന്നറിയിപ്പുമായി പൊലീസ്. അപകടകരമായ പ്രവൃത്തി ചെയ്താൽ അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പത്തുവർഷം വരെ തടവ് കിട്ടുമെന്നുമുള്ള വിവരമാണ് പൊലീസ് കൈമാറുന്നത്. കുട്ടികൾ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തത് പിടിക്കപ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി പൊലീസ് എത്തിയത്.

കഴിഞ്ഞദിവസങ്ങളിൽ ഇഖ്ബാൽ ഗേറ്റിനടുത്തും പടന്നക്കാട്ടും ഇത്തരത്തിൽ കല്ലും കരിങ്കൽച്ചീളുകളും വെച്ചിരുന്നത് കണ്ടെത്തിയിരുന്നു. ഇവരുടെ വീടുകളിൽ പൊലീസ് എത്തി വിവരങ്ങൾ ധരിപ്പിച്ചു. ഇഖ്ബാൽ ഗേറ്റിനടുത്ത് ഏഴാം ക്ലാസുകാരായ നാലുപേരും ചതുരക്കിണറിനടുത്ത് ഏഴുവയസ്സുകാരായ നാലുപേരുമാണ് 'കുസൃതി' കാട്ടിയത്. ഇവരുടെ വീടുകളിലെത്തി പൊലീസ് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്‌പി. പി. ബാലകൃഷ്ണൻ നായർ പറഞ്ഞു. കരിങ്കൽച്ചീളുകളിൽ തീവണ്ടിയുടെ ടയറുകൾ പതിയുമ്പോൾ പുക പോകുന്നത് കാണാൻ രസമുണ്ടെന്നും അത് കാണാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്.

കുസൃതി എന്ന നിലയിൽ കുട്ടികളോട് മുതിർന്നവർ ആരെങ്കിലും ഈ രീതി പറഞ്ഞുകൊടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും ഡിവൈ.എസ്‌പി. പറഞ്ഞു. ദിവസങ്ങൾക്കു മുൻപ് തീവണ്ടിക്ക് കല്ലെറിഞ്ഞ സംഭവത്തിനുശേഷം പാളത്തിനിരുപുറവുമുള്ള പല വീടുകളിലും സി.സി.ടി.വി. ക്യമാറ സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാർ നല്ല ജാഗ്രതയോടെ നീരീക്ഷണം നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.