തിരുവനന്തപുരം : 30 പവൻ മുക്കുപണ്ടം പണയം വെച്ച് 8.5 ലക്ഷം തട്ടിയ കേസിൽ പ്രതി എം.ടെക് ബിരുദധാരി അനു (32) വിനെതിരെ സിറ്റി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് സിറ്റി വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

അസ്സൽ സ്വർണം പണയം വച്ച് ആദ്യം വിശ്വാസ്യത നേടിയ ശേഷം മുക്കുപണ്ടം വച്ച് പണം തട്ടുന്നതാണ് പ്രതിയുടെ കുറ്റകൃത്യ രീതി. വെള്ളറട, മംഗലപുരം, വഞ്ചിയൂർ, ശ്രീകാര്യം, തുടങ്ങിയ സ്റ്റേഷൻ പരിധിയിലും സമാന തട്ടിപ്പ് നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2022 ജനുവരി 18 നാണ് പ്രതി പിടിയിലായത്. കന്യാകുമാരി ജില്ലയിലെ മാങ്കോട് മഹാദേവക്ഷേത്രത്തിനു സമീപം ആർ.എസ് ഭവനിൽ താമസക്കാരനാണ് പ്രതി അനു.

വെള്ളറട പനച്ചമൂടുള്ള സ്വർണ്ണ പണയ സ്ഥാപനത്തിലും തട്ടിപ്പ് നടത്തി. വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ പണയമെടുക്കാൻ വരാത്തതിനെ തുടർന്ന് സ്ഥാപന അധികൃതർ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. വെള്ളറട പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് വഞ്ചിയൂർ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്നാണ് ഇയാൾ നടത്തിയ തട്ടിപ്പുകൾ പുറത്തായത്.

റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ വെള്ളറട പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചിരുന്നു. സംഭവത്തിൽ ഇയാളുടെ അച്ഛൻ രഘുകൃഷ്ണ പിള്ള, സഹോദരി എന്നിവർക്കെതിരെയും കേസുണ്ട്.