- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസ് എസ് സി ഹൈടെക്ക് പരീക്ഷാ തട്ടിപ്പ്; അഞ്ചു പ്രതികൾക്കും ജാമ്യമില്ല; പ്രതികളുടെ ജയിൽ റിമാന്റ് സെപ്റ്റംബർ 30 വരെ
തിരുവനന്തപുരം: രാജ്യത്തിന്റെ പ്രതിരോധ തന്ത്ര പ്രധാന സ്ഥാപനമായ വി എസ് എസ് സി ( വിക്രം സാരാഭായ് സ്‌പേസ് സെന്റർ) യിലേക്ക് രാജ്യ വ്യാപകമായി നടന്ന ഇലക്ട്രീഷ്യൻ ഗ്രേഡ് - ബി റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി വ്യാജരേഖകൾ ഉപയോഗിച്ചും ബ്ലൂടുത്ത് ഹെഡ്‌സെറ്റും ഗൂഗിൾ ലെൻസ് മൊബൈൽ ക്യാമറയും ക്ലൗഡ് സ്റ്റോറേജും ബെൽറ്റും ഉപയോഗിച്ചും ഹൈടെക്ക് കോപ്പിയടിച്ച കേസിൽ ജയിലിൽ കഴിയുന്ന മുഖ്യ സൂത്രധാരൻ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരൻ ദീപക് ഷോഗന്റടക്കം 5 പ്രതികൾക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എൽസാ കാതറിൻ ജോർജാണ് പ്രതികൾക്ക് ജാമ്യം നിരസിച്ചത്. ഹരിയാന ഹിസൂർ ജില്ലക്കാരനായ മനോജ് കുമാർ (32), ഹരിയാന ജിണ്ട് ജില്ലക്കാരായ ജഗദീപ് സിങ് (29 പരീക്ഷാ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ദീപക് ഷോഗന്റ് (30) , ഫൂൽ സിങ് മകൻ സോനു സിങ് (30), ലാഖ്വീന്ദർ (25) എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഗുരുതരവും ഗൗരവമേറിയതുമാണ്.
കൃത്യത്തിൽ പ്രതികളുടെ ഉൾപ്പെടൽ കേസ് റെക്കോർഡിൽ കാണപ്പെടുന്നുണ്ട്. പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രോസിക്യൂഷൻ നടപടി ഭയന്ന് ഒളിവിൽ പോകാനും സാധ്യതയുണ്ട്. പൊലീസ് റിപ്പോർട്ട് പ്രകാരം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. മറ്റ് ഉറവിടങ്ങളിൽ നിന്ന് പ്രതികൾക്ക് ലഭിച്ച സഹായവും ഗൂഢാലോചന ഉണ്ടെങ്കിൽ അതും വെളിപ്പെടേണ്ടതായും അന്വേഷിക്കേണ്ടതായുമുണ്ടെന്നും കൃത്യത്തിലുൾപ്പെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും കൃത്യത്തിനുപയോഗിച്ച ഉപകരണങ്ങളും ഗാഡ്ജറ്റും കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള പൊലീസ് റിപ്പോർട്ടും പരിഗണിച്ചാണ് ജാമ്യഹർജികൾ കോടതി തള്ളിയത്. തുടർന്ന് പ്രതികളുടെ ജയിൽ റിമാന്റ് സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ച് പ്രതികളെ ജയിലിലേക്ക് തിരിച്ചയച്ചു.
പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വച്ച് 4 ദിവസം ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ കോടതി നൽകിയിരുന്നു. പരീക്ഷാ തട്ടിപ്പ് ഉപകരണങ്ങളുടെയും വ്യാജ ഐഡി കാർഡുകളുടെയും ഉറവിടം , കൃത്യത്തിലുൾപ്പെട്ട കോച്ചിങ് സെന്ററുകൾ , കൃത്യത്തിലുൾപ്പെട്ട കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യൽ , തെളിവു ശേഖരണം എന്നിവക്കായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പൊലീസ് കസ്റ്റഡി അപേക്ഷയിലായിരുന്നു കോടതി ഉത്തരവ്. അതേ സമയം നേരത്തേ അറസ്റ്റിലായ ഹരിയാനക്കാരായ സുനിൽ , സുമിത് കുമാർ , റിഷിപാൽ എന്നിവരുടെ റിമാന്റും കോടതി 14 ദിവസത്തേക്ക് നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. 2023 ഓഗസ്റ്റ് 20 ന് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. തലസ്ഥാന ജില്ലയിൽ സംഭവം നടന്നത് വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലും പട്ടം സെന്റ്. മേരീസ് സ്‌കൂളിലുമായിട്ടായിരുന്നു. സിറ്റി മെഡിക്കൽ കോളേജ് , മ്യൂസിയം എന്നീ പൊലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ബ്ലൂടുത്ത് ഹെഡ്‌സെറ്റും ഗൂഗിൾ ലെൻസ് മൊബൈൽ ക്യാമറയും ക്ലൗഡ് സ്റ്റോറേജും ബെൽറ്റും ഉപയോഗിച്ച് ഹൈടെക്ക് കോപ്പിയടിച്ചതിനു ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും പ്രതികൾക്ക് പ്രതിഫലമായി കിട്ടിയത് 7 ലക്ഷം രൂപയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത്തരത്തിൽ പ്രതിഫലം ഉദ്യോഗാർത്ഥികൾ മുൻകൂറായി നൽകണമായിരുന്നെന്നും അറസ്റ്റിലായ പ്രതികൾ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴിയിൽ സമ്മതിച്ചു. കേരള പൊലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളുകളഴിയുന്നത്. പരീക്ഷാ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ദീപക് ഷോഗന്റ്, റിഷിപാൽ, ലാഖ്വീന്ദർ എന്നിവരാണ് ഓഗസ്റ്റ് 28 ന് ഹരിയാനയിൽ നിന്നും അറസ്റ്റിലായത്. ഋഷിപാലിനു വേണ്ടി തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയത് അമിത്ത് എന്നയാളായിരുന്നു. ഇയാളെ പരീക്ഷ നടന്ന ഓഗസ്റ്റ് 20 ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്