മുട്ടം: റേഷൻകടയിൽനിന്ന് വാങ്ങിയ പച്ചരി കഴുകാൻ വെള്ളത്തിൽ ഇട്ടപ്പോൾ വയലറ്റ് നിറമായി. വിവരം അറിയിച്ചിട്ടും ഭക്ഷ്യസുരക്ഷാവകുപ്പ് ഇടപെട്ടില്ലെന്ന് വിമർശനമുയർന്നു.തിരുവനന്തപുരം മുട്ടത്താണ് സംഭവം.

മുട്ടത്തുള്ള റേഷൻകടയിൽനിന്ന് പ്രദേശവാസിയായ വ്യാപാരി ഏതാനും ദിവസംമുൻപ് വാങ്ങിയ പച്ചരി വെള്ളിയാഴ്ച വൈകീട്ടാണ് കഴുകാൻ വെള്ളത്തിൽ ഇട്ടത്. വോൾട്ടേജ് കൂടി മിക്‌സി പൊട്ടിത്തെറിച്ചതിനാൽ പച്ചരി അരയ്ക്കാൻ കഴിഞ്ഞില്ല. ശനിയാഴ്ച രാവിലെ നോക്കിയപ്പോഴാണ് പച്ചരിയയുടെ നിറം മാറിയത് ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് മണിയോടെ വീട്ടുടമസ്ഥൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം കമ്മിഷണർ ഓഫീസിലേക്ക് ഫോണിൽ വിളിച്ച് പരാതി അറിയിച്ചു.

വകുപ്പിന്റെ ഇടുക്കി അസിസ്റ്റന്റ് കമ്മിഷണറുടെ മൊബൈൽനമ്പർ കൊടുത്തിട്ട് അറിയിക്കാൻ പറഞ്ഞു. വീട്ടുടമ ഉടൻ ഈ നമ്പരിൽ വിവരം അറിയിച്ചപ്പോൾ തൊടുപുഴയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ വിളിക്കുമെന്നും സാംപിൾ പരിശോധനയ്ക്ക് അയക്കുന്നതിന് പച്ചരി സൂക്ഷിച്ചുവെക്കണമെന്നും നിർദേശിച്ചു. എന്നാൽ രാത്രിയായിട്ടും ആരും വീട്ടുകാരെ ഫോണിൽ വിളിക്കുകയോ കാര്യങ്ങൾ തിരക്കുകയോചെയ്തില്ല.