കുമളി: പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് യുവാവ് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കുമളി സ്വദേശി സുരേഷ് (മുനിയാണ്ടി സുരേഷ്-42)ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. കഞ്ചാവ് കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് രാവിലെ സുരേഷിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഇായൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളിൽനിന്ന് ഒന്നും കണ്ടെത്താനായില്ല. പൊലീസ് മടങ്ങിയശേഷമാണ് ഇയാൾ സ്റ്റേഷൻപരിസരത്ത് എത്തിയത്. കൈയിൽ കരുതിയിരുന്ന വിഷം കഴിക്കുന്നത് കണ്ട് പൊലീസുകാർ ഓടിയെത്തി വിഷം ഛർദ്ദിപ്പിക്കാൻ ശ്രമിച്ചു. അവശനായ സുരേഷിനെ വൈകാതെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. സുരേഷ് അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

തുടർചികിത്സകൾക്കായി സുരേഷിനെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വീട്ടിൽ പൊലീസ് പരിശോധന നടന്നതിന്റെ വിഷമത്തിലാണ് വിഷം കഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, സുരേഷ് കഞ്ചാവ് കച്ചവടം, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് കുമളി പൊലീസ് പറഞ്ഞു.