- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങൾ വിലവരുന്ന സ്വർണം കാണാതായെന്ന് 70 കാരിയുടെ പരാതി; വീടും നാടും അരിച്ചുപെറുക്കി പൊലീസും വിദഗ്ധ സംഘവും; മോഷ്ടാവിനായി അന്വേഷണം; ഒടുവിൽ പൊലീസിനെ ഞെട്ടിച്ച് സ്വർണം കണ്ടെത്തിയത് പരാതിക്കാരി
ചൊക്ലി: ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം കളവുപോയെന്ന പരാതിയിൽ അന്വേഷണം തുടരുന്നതിനിടെ പൊലീസിനെ ഞെട്ടിച്ച് സ്വർണം കണ്ടെത്തി പരാതിക്കാരി. കണ്ണൂരിൽ വലിയ ഇരുനില വീട്ടിൽ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ അലമാരയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന സ്വർണം കാണാതായെന്നായിരുന്നു പരാതി. വീടും നാടും പൊലീസും വിദഗ്ധ സംഘവും അരിച്ച് പെറുക്കുന്നതിനിടെ സ്വർണം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത് വന്നത്. ആശയക്കുഴപ്പത്തിലായെങ്കിലും കേസ് അവസാനിപ്പിച്ച് പൊലീസ് മടങ്ങുകയും ചെയ്തു.
കണ്ണൂർ ചൊക്ലിയിൽ 70കാരിയുടെ വീട്ടിൽ നിന്നും മോഷണം പോയെന്ന് കരുതിയ 16 പവൻ സ്വർണം കട്ടിലിനടിയിൽ നിന്നും പരാതിക്കാരി തന്നെ കണ്ടെത്തുകയായിരുന്നു. മോഷ്ടാവിനായി പാനൂർ പൊലീസ് അന്വേഷണം തുടരവെയാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൊക്‌ളി കാഞ്ഞിരത്തിൻ കീഴിൽ തനിച്ച് താമസിക്കുന്ന സൈനുവിന്റെ 16 പവൻ കാണാതായത്. സൈനു വീടിനു പുറത്തുപോയി തിരിച്ചെത്തിയപ്പോൾ അലമാര തുറന്നു കിടക്കുകയായിരുന്നു.
പരിശോധിച്ചപ്പോൾ സ്വർണ്ണവും പോയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ വീട്ടിൽ നിന്ന് മറ്റൊന്നും മോഷണം പോയിരുന്നില്ല. എല്ലാം പഴയപടി തന്നെ ആയിരുന്നു കിടന്നിരുന്നു. ഇതോടെയാണ് വീട്ടമ്മ പൊലീസിനെ സമീപിക്കുന്നത്. സൈനുവിന്റെ പരാതിയിൽ ചൊക്‌ളി പൊലീസ് കേസെടുത്തു. വീട്ടിൽ വിരലടയാള വിദഗ്ദരടക്കം തെളിവ് ശേഖരിച്ചു.
പക്ഷെ വീട്ടിനകത്തു തന്നെയുണ്ടായിരുന്ന സ്വർണം ഇവരാരും കണ്ടില്ല. ശനിയാഴ്‌ച്ച സൈനു കട്ടിലിനടിയിൽ നിന്നും സ്വർണം കണ്ടെത്തിയതായി പൊലീസിൽ അറിയിച്ചു. പരാതിയില്ലാത്തതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. 70 കാരിയായ സൈനുവിന് ഓർമ പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം




