എറണാകുളം: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് ലഹരിമുക്ത ചികിത്സയ്ക്കായി നൽകുന്ന ഒഎസ്ടി ഗുളികകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ലഹരി വിമുക്തി ചികിത്സയ്ക്കായി സർക്കാർ നൽകിയിരുന്ന മരുന്നുകളാണ് ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ നിന്നും പ്രതികൾ മോഷ്ടിച്ചത്.

ഇതേ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് പേരാണ് പിടിയിലായത്. തൃപ്പൂണിത്തുറ നടമ എരൂർ ലേബർ ജംഗ്ഷൻ ഭാഗത്ത് കീഴാനിത്തിട്ടയിൽ വീട്ടിൽ നിഖിൽ സോമൻ, തൃപ്പൂണിത്തുറ തെക്കുംഭാഗം ആർഎൽവി കോളേജിന് സമീപം മിനി ബൈപ്പാസ് ഭാഗത്ത് പെരുമ്പിള്ളിൽ വീട്ടിൽ സോണി സെബാസ്റ്റ്യൻ എന്നിവരാണ് പിടിയിലായത്.

മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ പിഎം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ, ഡിവൈ.എസ്‌പി. മുഹമ്മദ് റിയാസ് എന്നിവരുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

നിഖിലിനെതിരെ ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിൽ ലഹരി കേസുകൾ നിലവിലുണ്ട്. സോണിക്ക് എതിരെ എറണാകുളം നോർത്ത്, ഹിൽപ്പാലസ്, ഇൻഫോ പാർക്ക് എന്നിവിടങ്ങൾ കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ മാസം ലഹരി വിമോചന കേന്ദ്രത്തിൽ രാത്രി വാതിലിന്റെ പൂട്ട് തകർത്ത് കയറി അലമാര കുത്തിപ്പൊളിച്ച് മോഷണം നടത്തുകയായിരുന്നു.