പയ്യന്നൂർ: ആരോഗ്യമേഖലയിൽ സംസ്ഥാനം നേടിയ നേട്ടങ്ങളിൽ നിന്നും ജനശ്രദ്ധയകറ്റാൻ ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാക്കുകയാണ് ചിലരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ താലൂക്ക് ആശുപത്രിക്കായി കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ പരിരക്ഷ എല്ലാവർക്കും തുല്യമായി ലഭിക്കുന്ന നിലയിൽ പൊതുജനാരോഗ്യ സംവിധാനമാകെ മാറി. സാമൂഹ്യനീതിയലധിഷ്ഠിതമായ സാർവ്വത്രിക വികസനം എന്നതിലൂടെ നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ച് വിടാനാണ് ചിലരുടെ ശ്രമം. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് ആരും മറക്കരുത് മുഖ്യമന്ത്രി പറഞ്ഞു.

നിപയടക്കമുള്ള സാംക്രമിക രോഗങ്ങൾ പടരുന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ പഠനം നടത്തും. ഇതിനുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാവും പഠനം. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശൈലി ആപ്പിന് രൂപം നൽകിക്കഴിഞ്ഞു. കേരളീയ ആരോഗ്യരംഗത്തിന്റെ ജനകീയ സ്വഭാവം കൊണ്ടാണ് നിപയുടെ രണ്ടാം വരവിനെ പ്രതിരോധിക്കാനായത്.മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ഇടത് പക്ഷ സർക്കാരിന്റെ ആരോഗ്യ നയങ്ങളാണ് കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടയിൽ കേരളീയ ആരോഗ്യമേഖലയിലുണ്ടായ മുന്നേറ്റങ്ങൾക്ക് കാരണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യസൂചികയിൽ മുന്നിട്ട് നിൽക്കുമ്പോഴും ജീവിത ശൈലി രോഗങ്ങൾ കേരളത്തിന് വെല്ലുവിളിയാണെന്നും അവ നേരിടുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയരക്ടർ ഡോ.കെ ജെ റീന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം എൽ എ സി കൃഷ്ണൻ മുഖ്യാതിഥിയായി. ടി ഐ മധുസൂദനൻ എം എൽ എ, പയ്യന്നൂർ നഗരസഭാ ചെയർപേഴ്സൺ കെ വി ലളിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, നഗരസഭാ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വി സജിത,ടി വിശ്വനാഥൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം പി ജീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി കെ അനിൽകുമാർ മുൻ എം എൽ എ മാരായ ടി വി രാജേഷ്, എം വി ജയരാജൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സി കെ ജീവൻ ലാൽ എന്നിവർ പങ്കെടുത്തു.

ഏഴ് നിലകളിൽ 79452 ചതുരശ്ര അടിയിൽ തല ഉയർത്തി നിൽക്കുകയാണ് മുഖ്യമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്ത പയ്യന്നൂർ താലൂക്കാശുപത്രി കെട്ടിടം. ഒരേക്കർ 96 സെന്റ് സ്ഥലത്ത് സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 104 കോടി രൂപ മാസ്റ്റർ പ്ലാനിൽ ആണ് ആശുപത്രിക്കായി കെട്ടിടം നിർമ്മിച്ചത്. അത്യാഹിത വിഭാഗം, പരിശോധന സംവിധാനങ്ങൾ, പ്രത്യേക ചികിത്സ വാർഡുകൾ, വിവിധ ഐ സി യൂ അടക്കമുള്ള ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

2009 ഫെബ്രുവരിയിലാണ് പുമറവക്കു ഭരണാനുമതി ലഭിച്ചത്. 56 കോടി രൂപ കെട്ടിട നിർമ്മാണത്തിനായും 22 കോടി രൂപ ഉപകരണങ്ങൾക്കായും ശേഷിക്കുന്ന തുക മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കായും നീക്കിവെച്ചു. താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, ഇ സി ജി ,ജീവിതശൈലി രോഗ നിയന്ത്രണ വിഭാഗങ്ങൾ, ഡിജിറ്റൽ എക്സ് റേ, സി ടി സ്‌കാൻ എന്നിവ പ്രവർത്തിക്കും. ഒന്നാം നിലയിൽ കുട്ടികളുടെ വാർഡ്, കുട്ടികളുടെ ഐ സി യു , രണ്ടാം നിലയിൽ സ്ത്രീകളുടെ വാർഡ്, മെഡിക്കൽ ഐ സി യു , മൂന്നാം നിലയിൽ പ്രസവമുറി, ഗൈനക് ഓപ്പറേഷൻ തിയറ്റർ, പ്രസവാനന്തര ശസ്ത്രക്രിയ വാർഡ്, എന്നിവയും സജ്ജീകരിച്ചു.

നാലാം നിലയിൽ പുരുഷന്മാരുടെ വാർഡ്, പുനരധിവാസ കേന്ദ്രം, സെമിനാർ ഹാൾ എന്നിവയാണുള്ളത്. അഞ്ചാം നിലയിൽ പുരുഷന്മാരുടെ സർജിക്കൽ വാർഡ്, സ്ത്രീകളുടെ സർജിക്കൽ വാർഡ്, സർജിക്കൽ ഐ സി യു എന്നീ സൗകര്യങ്ങളും, ആറാം നിലയിൽ ഓപ്പറേഷൻ തിയ്യറ്റർ, ശസ്ത്രക്രിയനാന്തര വാർഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഏഴാം നിലയിൽ ലബോറട്ടറി പരിശോധന സൗകര്യവും സെൻട്രൽ സ്റ്ററൈൽ സ ഡിപ്പാർട്മെന്റും സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ഇബി യുടെ സഹകരണത്തോടെ ഓട്ടോമേറ്റഡ് ആർഎംയു റിങ് മെയിൻ യൂണിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി വൈദ്യുതി വിതരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി പയ്യന്നൂർ പെരുമ്പ സബ് സ്റ്റേഷനിൽ നിന്ന് നേരിട്ട് ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പൂർത്തിയായി. 168000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, അത്യാധുനിക രീതിയിലുള്ള മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് എന്നിവയും സജ്ജമായി.

ആശുപത്രിയിൽ നിലവിൽ എട്ട് വിഭാഗങ്ങളിലായി 22 ഡോക്ടർമാരും 150 ഇതര ജീവനക്കാരുമുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള 2019 കായകൽപ്പ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ താലൂക്കാശുപത്രിക്ക് സ്വന്തം. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് ഇൻഫ്രാടെക് സർവീസ് ലിമിറ്റഡാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. കൊച്ചിയിലെ ക്രസന്റ് ബിൽഡേഴ്‌സിനാണ് കരാർ. 1919ൽ ബ്രിട്ടീഷ് ഭരണകാലത്ത് റൂറൽ ഡിസ്പൻസറിയായി പ്രവർത്തനം തുടങ്ങിയ ആതുരാലയമാണിത്. 1965ൽ സർക്കാർ ആശുപത്രിയായി മാറി. 2009ലാണ് താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെട്ടത്.