ന്യൂഡൽഹി: രാജ്യംവിട്ട 19 ഖലിസ്താൻ ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). വിദേശരാജ്യങ്ങളിൽ ഒളിവിൽക്കഴിയുന്ന 19 ഖലിസ്താൻ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുവകകൾ കണ്ടുകെട്ടാനാണ് നീക്കം. യു.കെ., യു.എസ്., കാനഡ, ദുബായ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന 19 ഭീകരരുടെ പട്ടിക എൻ.ഐ.എ. തയ്യാറാക്കി. യു.എ.പി.എ. ചുമത്തിയാണ് ഇവർക്കെതിരേ നടപടി സ്വീകരിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഇവർക്കായി സുരക്ഷാ ഏജൻസികൾ തിരച്ചിൽ നടത്തിവരികയാണ്.

കഴിഞ്ഞദിവസം ഖലിസ്താൻ ഭീകരനും നിരോധിത വിഘടനവാദസംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവനുമായ ഗുർപത്വന്ത് സിങ് പന്നൂവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയതിനുപിന്നാലെയാണ് നടപടി കടുപ്പിച്ചത്. പരംജീത് സിങ് പമ്മ, വാധ്വ സിങ് ബബ്ബാർ, കുൽവന്ത് സിങ് മുത്ര, ജയ് ധലിവാൾ, സുഖ്പാൽ സിങ്, ഹർപ്രീത് സിങ്, സരബ്ജീത് സിങ് ബെന്നൂർ, കുൽവന്ത് സിങ്, ഹർജപ് സിങ്, രഞ്ജിത് സിങ് നീത, ഗുർമീത് സിങ്, ഗുർപ്രീത് സിങ്, ജസ്മീത് സിങ് ഹക്കിംസാദ, ഗുർജന്ത് സിങ് ധില്ലൻ, ലഖ്ബീർ സിങ് റോഡ്, അമർദീപ് സിങ് പൂരെവാൾ, ജതീന്ദർ സിങ് ഗ്രേവാൾ, ദുപീന്ദർ ജീത്, ഹിമ്മത് സിങ് എന്നിവരാണ് പട്ടികയിലുള്ളത്.