- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ജി ജോർജിന്റെ സംസ്‌കാരം നാളെ വൈകീട്ട് രവിപുരം ശ്മശാനത്തിൽ; പതിനൊന്നു മണി മുതൽ ടൗൺഹാളിൽ പൊതുദർശനം
കൊച്ചി: അന്തരിച്ച മുൻ സംവിധായകൻ കെജി ജോർജിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാലരയ്ക്ക് കൊച്ചിയിലെ രവിപുരം ശ്മശാനത്തിൽ നടക്കും. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മുതൽ വൈകീട്ട് മൂന്ന് മണിവരെ എറണാകുളം ടൗൺ ഹാളിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കുമെന്ന് ഫെഫ്ക ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് ആറിന് മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇന്നലെ രാവിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിൽവച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് 6 വർഷമായി ഇവിടെയായിരുന്നു താമസം. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സംവിധാനം പഠിച്ചു. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണു സിനിമയിലെത്തിയത്. ആദ്യമായി സംവിധാനം ചെയ്ത 'സ്വപ്നാടന'ത്തിന് 1976ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. ഉൾക്കടൽ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, മറ്റൊരാൾ, ഇലവങ്കോടുദേശം തുടങ്ങി 40 വർഷത്തെ സിനിമാജീവിതത്തിൽ 19 സിനിമകൾ സംവിധാനം ചെയ്തു.
1945 മെയ് 24നു തിരുവല്ലയിൽ സാമുവലിന്റെയും അന്നമ്മയുടെയും മകനായാണ് കുളക്കാട്ടിൽ ഗീവർഗീസ് ജോർജിന്റെ ജനനം. ദേശീയ ഫിലിം അവാർഡ് ജൂറി അംഗം, സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ, കെഎസ്എഫ്ഡിസി അധ്യക്ഷൻ, മാക്ട ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. 2016ൽ ജെ.സി.ഡാനിയേൽ പുരസ്‌കാരത്തിന് അർഹനായി. ആദാമിന്റെ വാരിയെല്ല്, ഇരകൾ എന്നീ ചിത്രങ്ങളിലൂടെ തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി സാമൂഹികരംഗത്തെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ ഇടംപിടിച്ച സംവിധായകനാണ് കെജി ജോർജെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സെൽമയാണു ഭാര്യ. മക്കൾ: അരുൺ ജോർജ് (കോർപറേറ്റ് കമ്യൂണിക്കേഷൻ, പനാഷെ അക്കാദമി, ഗോവ), താര (ഖത്തർ എയർവേയ്സ്, ദോഹ). മരുമകൾ: നിഷ.




