തൃശൂർ: സഹകരണ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നു പേരെ അമിതമായി ഉറക്കഗുളിക അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാതിക്കുടം മച്ചിങ്ങൽ ശ്രീവത്സന്റെ ഭാര്യ ഭാഗ്യലക്ഷ്മി (46), മകൻ അതുൽ കൃഷ്ണ (10), ഭാര്യാമാതാവ് തങ്കമണി (69) എന്നിവരാണു കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ തങ്കമണിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

വായ്പക്കുടിശിക മുടങ്ങിയതിനെത്തുടർന്നു സഹകരണ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതാണ് ഇവരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. ഞായറാഴ്ച രാത്രിയാണു സംഭവം. വീട്ടിലുണ്ടാക്കിയ പായസത്തിൽ അമിതമായി ഉറക്കഗുളിക ചേർത്തു കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഭക്ഷണം കഴിച്ചതോടെ മൂന്നു പേർക്കും അസ്വസ്ഥതകൾ ഉണ്ടായി. ഉടൻതന്നെ ശ്രീവത്സൻ ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചു. നില വഷളായതിനെ തുടർന്ന് മൂവരെയും അപ്പോളോ ആശുപത്രിയിലേക്കു മാറ്റി.

കാടുകുറ്റി സഹകരണ ബാങ്കിൽ നിന്നും കുടുംബം 2019ൽ 16 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ജന്മനാ അസുഖങ്ങളുള്ള അതുൽകൃഷ്ണയുടെ ചികിത്സയ്ക്കു വൻതുക വേണമായിരുന്നു. തുടർചികിത്സയ്ക്കായി ബുദ്ധിമുട്ടിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 22 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ വൈകിയതോടെ രണ്ട് ദിവസം മുൻപു ബാങ്ക് ഡിമാൻഡ് നോട്ടിസ് അയച്ചിരുന്നു. ഇതിൽ മനംനൊന്താണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.