പട്‌ന: രണ്ട് വർഷം മുമ്പ് എടുത്ത വായ്പയുടെ പലിശ കുടിശിക നൽകിയില്ലെന്ന് ആരോപിച്ചു ബ്ലേഡ് പലിശക്കാരൻ ദലിത് യുവതിയെ നഗ്‌നയാക്കി മൂത്രം കുടിപ്പിച്ചു. പട്‌ന ജില്ലയിലെ മോസിംപുർ ഗ്രാമത്തിലാണ് സംഭവം. 30 വയസ്സുകാരിയായ വീട്ടമ്മയാണ് അക്രമത്തിനിരയായത്.

വായ്പയിൽ 1500 രൂപ പലിശ കുടിശികയുണ്ടെന്നു പറഞ്ഞാണ് ആക്രമണം. കഴിഞ്ഞയാഴ്ച ബ്ലേഡ് പലിശക്കാരൻ പ്രമോദ് സിങ്ങും മകൻ അൻഷു കുമാറും മറ്റു 4 പേരും യുവതിയെ സമീപിച്ചിരുന്നു. വായ്പയും പലിശയും കൊടുത്തു തീർത്തെന്നായിരുന്നു യുവതിയുടെ മറുപടി. ഇല്ലാത്ത കുടിശികയുടെ പേരിൽ ബ്ലേഡുകാർ ശല്യം ചെയ്യുന്നതായി യുവതി പൊലീസിൽ പരാതി നൽകി. ഇതിൽ രോഷാകുലരായാണ് പ്രമോദ് സിങ്ങും കൂട്ടരും യുവതിയെ ക്രൂരമായി ആക്രമിച്ച് മൂത്രം കുടുപ്പിച്ചത്.

നഗ്‌നയാക്കപ്പെട്ടു തലയ്ക്കും കാലുകളിലും പരുക്കേറ്റ നിലയിലാണ് യുവതി വീട്ടിലേക്ക് ഓടിപ്പോയത്. വസ്ത്രങ്ങൾ ബലമായി അഴിച്ചു മാറ്റിയ ശേഷം അൻഷു കുമാർ ബലമായി വായിലേക്കു മൂത്രമൊഴിച്ചു കുടിപ്പിച്ചതായി യുവതി ബന്ധുക്കളെ അറിയിച്ചു. പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.