കൊല്ലങ്കോട്: ട്രെയിനിനു മുന്നിൽ ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം റെയിൽപാളത്തിൽ നിന്നു മാറ്റാൻ വൈകിയതിനെ തുടർന്നു ട്രെയിൻ ഒരു മണിക്കൂറിലേറെ നേരം നിർത്തിയിട്ടു. തിരുച്ചെന്തൂർ എക്സ്‌പ്രസ് ആണ് ഒരു മണിക്കൂറിലേറെ നേരം വൈകിയത്. വടവന്നൂർ കൊല്ലംപൊറ്റയിൽ നാരായണൻ-സുമതി ദമ്പതികളുടെ മകൻ സുമേഷ് (22) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഞായറാഴ്ച രാത്രി വടവന്നൂർ മലയമ്പള്ളം കൂത്താമ്പാക്കു ലവൽ ക്രോസിനു സമീപം മധുര-തിരുവനന്തപുരം അമൃത എക്സ്‌പ്രസ് ട്രെയിൻ തട്ടിയാണു സുമേഷ് മരിച്ചത്.

റെയിൽപാളത്തിനു കുറുകെ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്ലംബിങ് തൊഴിലാളിയായ സുമേഷ് റെയിൽപാളത്തിൽ കിടന്നു ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്ന വിവരം അമൃത എക്സ്‌പ്രസ് ട്രെയിനിലെ ഗാർഡ് കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. കൊല്ലങ്കോട് സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള ലവൽ ക്രോസിനു സമീപം എട്ടു മണിയോടെ നടന്ന അപകടം ഗേറ്റിന്റെ ചുമതലയുള്ളവർ പരിശോധിച്ചു സ്ഥിരീകരിച്ചതിനു ശേഷം റെയിൽവേ അധികൃതർ റെയിൽവേ പൊലീസിനെയും കൊല്ലങ്കോട് പൊലീസിനെയും അറിയിച്ചു. തുടർന്നു കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണു മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയത്.

പാലക്കാട്ടേക്കു വരുകയായിരുന്ന തിരുച്ചെന്തൂർ എക്സ്‌പ്രസ് ട്രെയിൻ രാത്രി 8.45 മണിയോടെ കൂത്താമ്പാക്ക് ലവൽ ക്രോസിനു സമീപം എത്തിയെങ്കിലും മൃതദേഹം പാളത്തിൽ നിന്നു മാറ്റാത്തതിനാൽ അവിടെ നിർത്തിയിടാൻ റെയിൽവേ അധികൃതർ നിർദേശിച്ചു. പൊലീസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം 9.50 മണിയോടെയാണു ട്രെയിൻ പാലക്കാട്ടേക്കു പോയത്. ഞായറാഴ്ച വൈകിട്ടു വരെ ഫുട്‌ബോൾ കളിച്ച സുമേഷ് അതിനുശേഷം സൈക്കിളിൽ കൂത്താമ്പാക്കിലെത്തുകയായിരുന്നു.

മൃതദേഹം കിടന്നതിന് അധികം ദൂരെയല്ലാതെ ഈ സൈക്കിൾ കണ്ടെത്തിയിരുന്നു. മുഖം ട്രെയിൻ കയറി തകർന്നിരുന്നതിനാൽ രാത്രി വൈകിയാണു മരിച്ചതു സുമേഷ് ആണെന്നു തിരിച്ചറിയുന്നത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. സഹോദരങ്ങൾ: നിതിൻ, നിഖിത.