തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിമാർക്കായി സംഘടിപ്പിച്ച മാരത്തോൺ പരിശീലന പരിപാടി സമാപിച്ചു. കാമ്പയിനിന്റെ രണ്ടാംഘട്ടം ഫലപ്രദമായി നടപ്പിലാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംവിധാനത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ രണ്ടു ദിവസങ്ങൾ വീതമുള്ള മൂന്നു ബാച്ചുകളിലായി നടത്തിയ പരിശീലന പരിപാടിക്ക് തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നേതൃത്വം നല്കി.

മാലിന്യ നിർമ്മാർജന മേഖലയിലെ നിയമപരവും സാങ്കേതികവുമായ വിഷയങ്ങൾക്ക് മുൻതൂക്കം നൽകിയ പരിശീലന പരിപാടിയിൽ ആധുനിക പരിശീലന സങ്കേതങ്ങളാണ് ഉപയോഗിച്ചത്. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്തി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പരിശീലന പരിപാടി സഹായകമായി.

തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ (ഗകഘഅ)) സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ അവസാന ബാച്ചിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ പഞ്ചായത്ത് സെക്രട്ടറിമാരാണ് പങ്കെടുത്തത്. കിലയിലെ ഫാക്കൽറ്റിക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥരും ക്ലാസുകൾക്ക് നേതൃത്വം നല്കി.

തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി. രാജമാണിക്കം, പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശൻ, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ടി. ബാലഭാസ്‌കരൻ, ക്ലീൻ കേരള കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജി കെ. സുരേഷ് കുമാർ, കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുത്തു.