- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരിൽ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നതിനായി കാൽലക്ഷം കൈക്കൂലി; ബിൽഡിങ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; കോടതി റിമാൻഡ് ചെയ്ത പ്രതി തലശേരി സ്‌പെഷ്യൽ ജയിലിൽ
കണ്ണൂർ: പയ്യന്നൂർ നഗരത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് ഒന്നരയേടെ വിജിലൻസ് അറസ്റ്റ് ചെയ്ത പയ്യന്നൂർ നഗരസഭയിലെ ബിൽഡിങ് ഇൻസ്‌പെക്ടർ പറശിനിക്കടവ് തവളക്കടവ് സ്വദേശി സി.ബിജുവിനെ(48) സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അടുത്ത മാസം ബിൽഡിങ് സെക്ഷൻ എൻജിനിയറായി പ്രമോഷൻ ലഭിക്കാനിരിക്കെയാണ്സർവീസിൽ നിന്നും ഇയാളെ സസ്പെൻഡ് ചെയ്തത്.
വിജിലൻസ്അറസ്റ്റു ചെയതതിനു ശേഷം ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും നടന്നിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇയാൾ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞതിനെ തുടന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. ഇതിനിടെ ബിജുവിനെ
ഒക്ടോബർ 10 വരെ തലശേരി വിജിലൻസ് കോടതി റിമാൻഡ് ചെയ്ത് തലശേരി സ്‌പെഷ്യൽ ജയിലിലടച്ചു.
തിങ്കളാഴ്‌ച്ച അർദ്ധരാത്രിയോടെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇയാളെ തലശേരി വിജിലൻസ് ജഡ്ജിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലൻസ് ജഡ്ജി മധുസൂദനന്റെ വസതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തത്. ബിജുവിന്റെ കാർ പരിശോധിച്ചതിൽ 375 മില്ലി ലിറ്റർ മദ്യകുപ്പി ബില്ല് സഹിതം കണ്ടെത്തിയത് മഹസറിൽ ഉൾപ്പെടുത്തി നഗരസഭ അസി.എഞ്ചിനീയറുടെ സാന്നിധ്യത്തിൽ ബിജുവിന്റെ ഒരു ബന്ധുവിനെ വിളിച്ചുവരുത്തി വിജിലൻസ് സംഘം കൈമാറിയിട്ടുണ്ട്. ഇതുകൂടാതെ ആന്തൂർ തവളപ്പാറയിലെ ബിജുവിന്റെ വീടും വിജിലൻസ് റെയിഡ് നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല.
ഇയാളെ പിടികൂടിയ ഉടൻ തന്നെ സ്ഥലത്തെത്തിയ നഗരസഭ ചെയർപേഴ്‌സൻ കെ.വി.ലളിത വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുൻപിൽ വെച്ചുതന്നെ പരാതികളെ തുടർന്ന് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയ കാര്യം ആവർത്തിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞതോടെ നിരവധി പരാതികളാണ് വിജിലൻസിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വിജിലൻസ് ഡി.വൈ.എസ്‌പി ബാബു പെരിങ്ങേത്ത് പറഞ്ഞു. തിങ്കളാഴ്‌ച്ച ഉച്ചയോടെയാണ് പ്രവാസി സംര്ംഭകനിൽ നിന്നും ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ബിജുവിനെ പിടികൂടിയത്.
പയ്യന്നൂർ നഗരത്തിൽ പണിയാനുദ്ദേശിക്കുന്ന ബിൽഡിങ് പെർമിറ്റു നൽകണമെന്ന അപേക്ഷയുമായി വന്ന പ്രവാസി സംരഭകനെ ഇയാൾ പലകാരണങ്ങൾ പറഞ്ഞു പലതവണമടക്കുകയും ഏറ്റവും ഒടുവിൽ ഇരുപത്തിയഞ്ചായിരം രൂപ കൈക്കൂലി തന്നാൽ പെർമിറ്റ് അനുവദിക്കാമെന്നു പറയുകയുമായിരുന്നു. ഇക്കാര്യം അപേക്ഷൻ വിജിലൻസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് വിജിലൻസ്സംഘം നൽകിയ ഫിനോഫ്തലിൻ പുരട്ടിയ അഞ്ഞൂറിന്റെ അൻപതു കറൻസി കൈമാറുന്നത്.
ഓഫീസിന്റെ ഒന്നാം നിലയിൽ നിന്നും ആവശ്യക്കാരനോടൊപ്പം ഇയാൾ നഗരസഭാ കവാടത്തിനു പുറത്ത് റോഡിൽ നിർത്തിയിട്ട കാറിലേക്ക് ചെല്ലുകയും കാറിനകത്തു വച്ച് പണം കൈപ്പറ്റുകയുമായിരുന്നു. ഈസമയം കണ്ണൂർ വിജിലൻസ് ഡിവൈ.എസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മൂന്നു മാസം മുമ്പാണ് തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിൽ നിന്നും ഈ ഉദ്യോഗസ്ഥൻ പയ്യന്നൂർ നഗരസഭയിലെത്തിയത്. ജോലി ചെയ്ത ഓഫീസുകളിലെല്ലാം കൈക്കൂലി വാങ്ങുന്ന കാര്യത്തിൽ വിരുതനായിരുന്നു ഇയാളെന്ന് കരാറുകാരും ഉദ്യോഗസ്ഥരും പറയുന്നു.
ബിജുവിനെതിരെ ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികൾ പരിശോധിച്ചു വരികയാണെന്ന് വിജിലൻസ്അറിയിച്ചു. വരുംദിവസങ്ങളിലും കണ്ണൂർജില്ലയിലെ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിജിലൻസ് ഡി.വൈ. എസ്. പി ബാബു പെരിങ്ങോത്ത് അറിയിച്ചു. നേരത്തെ എക്സൈസ് വകുപ്പിലും വിജിലൻസ്റെയ്ഡു നടത്തി ക്രമക്കേടുകൾ പിടികൂടിയിരുന്നു.




