തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്ന പ്രചരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും മേഖലയെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ.

കരുവന്നൂർ ബാങ്ക് പ്രതിസന്ധിയിൽ ആയപ്പോൾ പണം ഇടാക്കുന്ന നിയമ നടപടികൾ തുടർന്നതിനൊപ്പം നിക്ഷേപകർക്ക് സംരക്ഷണം ഒരുക്കാൻ ജില്ലയിലെ ബാങ്കുകൾ ചേർന്ന് കൺസോഷ്യം രൂപീകരിച്ച് 20 കോടി രൂപ നൽകുകയും ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.

സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്ന് അഞ്ച് കോടി രൂപയും റിസർവ് ഫണ്ടിൽ നിന്ന് രണ്ട് കോടിയും കരുവന്നൂർ ബാങ്കിന് നൽകിയിരുന്നു. പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിച്ച് ജനങ്ങൾക്ക് പണം നൽകുന്നതിനായിരുന്നു ഈ സഹായങ്ങളെന്നും മന്ത്രി വിശദീകരിച്ചു.

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് സഹകരണ നിക്ഷേപ ഗ്യാരന്റി ബോർഡ് സുരക്ഷ ഉറപ്പു നിൽകുന്നുണ്ട്. അഞ്ച് ലക്ഷം രൂപയുടെ ഗ്യാരന്റിയാണ് ബോർഡ് ഉറപ്പു നൽകുന്നതെന്നും മന്ത്രി വാസവൻ പറഞ്ഞു.